ന്യൂഡല്‍ഹി: സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ അന്വേഷണത്തിന് സുപ്രീം കോടതിയുടെ ഉത്തരവ്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.കെ.പട്നായിക്കിന്റെ മേൽനോട്ടത്തിൽ കേന്ദ്ര വിജിലൻസ് കമ്മിഷനാണ് അന്വേഷണ ചുമതല. അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ മാസം 23 മുതലുളള സിബിഐയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ വിവരങ്ങൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
സിബിഐയിൽ നിർണായക തീരുമാനം എടുക്കുന്നതിന് ഡയറക്ടറുടെ താൽക്കാലിക ചുമതലയുളള നാഗേശ്വർ റാവുവിന് കോടതി വിലക്കേർപ്പെടുത്തി. നയപരമായ കാര്യങ്ങൾ നാഗേശ്വർ റാവു ഇടപെടരുതെന്നും കോടതി നിർദ്ദേശം നൽകി. നവംബർ 12 ന് കേസ് വീണ്ടും പരിഗണിക്കും.
സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിന് എതിരെ അലോക് വർമ്മ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അടങ്ങിയ മൂന്നംഗ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. തന്നെ സ്ഥാനത്ത് നിന്ന് നീക്കിയ പേഴ്സണല്‍ മന്ത്രാലയത്തിന്റെയും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റേയും (സിവിസി) നടപടി നിയമവിരുദ്ധമാണെന്നാണ് അലോക് വർമ്മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
സിബിഐക്കുള്ളിലെ അധികാരത്തർക്കവും തമ്മിലടിയും രൂക്ഷമായതിനു പിന്നാലെയാണ് സിബിഐ തലപ്പത്ത് വൻ അഴിച്ചുപണിയുണ്ടായത്. സിബിഐ ഡയറക്ടർ അലോക് കുമാർ വർമ്മയെ തൽസ്ഥാനത്തു നിന്ന് മാറ്റി എം.നാഗേശ്വര റാവുവിന് താൽക്കാലിക ചുമതല നൽകി. സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെയും നടപടിയെടുത്തു. അസ്താനയോട് നിർബന്ധിത അവധിയിൽ പോകാനായിരുന്നു നിർദ്ദേശം. പ്രധാനമന്ത്രി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിന്റേതായിരുന്നു തീരുമാനം.
സിബിഐ തലപ്പത്തെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് സര്‍ക്കാരിനും സിബിഐയ്ക്കും വലിയ തലവേദന സൃഷ്ടിച്ചതിനെ തുർന്നായിരുന്നു സര്‍ക്കാര്‍ നടപടി. അലോക് വര്‍മയ്ക്ക് ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ടായിരിക്കെയാണ് അദ്ദേഹത്തെ സിബിഐ തലപ്പത്തുനിന്നും നീക്കിയത്. 2017 ലാണ് അലോക് വര്‍മ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. ഇതിനെതിരെ സ്പെഷല്‍ ഡയറക്ടറായിരുന്നു അസ്താന പരാതി നല്‍കിയിരുന്നു. തുടർന്നാണ് ഇരുവരും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായത്.