ന്യൂഡൽഹി: ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ദെയെ തന്‌റെ പിന്‍ഗാമിയായി  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ശുപാര്‍ശ ചെയ്തു. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് വ്യാഴാഴ്ച അയച്ച കത്തിലാണു ബോബ്‌ദെയെ  രഞ്ജൻ ഗൊഗോയ് ശുപാര്‍ശ ചെയ്തത്. ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബോബ്‌ദെയ്ക്ക് 2021 ഏപ്രില്‍ 23 വരെ സേവനമനുഷ്ഠിക്കാനാകും.

വിരമിക്കുന്നതിന് ഏകദേശം ഒരുമാസം മുമ്പ് ഏറ്റവും മുതിര്‍ന്ന ജഡ്ജിയെ തന്‌റെ പിന്‍ഗാമിയായി ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്യുന്നതാണു  സുപ്രീം കോടതിയിലെ കീഴ്വഴക്കം. 2018 ഒക്ടോബര്‍ മൂന്നിന് 46ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത രഞ്ജൻ ഗൊഗോയ് ഈ വര്‍ഷം നവംബര്‍ 17ന് വിരമിക്കും. അയോധ്യ തര്‍ക്കം, അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയുള്‍പ്പെടെ സുപ്രധാന കേസുകളില്‍ വിധി പറഞ്ഞശേഷമായിരിക്കും രഞ്ജൻ ഗൊഗോയ് വിരമിക്കുക.

ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ എസ്.എ ബോബ്‌ദെ മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ്. നിലിൽ നിരവധി സുപ്രധാന ബെഞ്ചുകളുടെ ഭാഗമാണ്. മുംബൈയിലെ മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി എന്നിവയുടെ ചാന്‍സലറായും സേവനമനുഷ്ഠിക്കുന്നു.

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം നിലവിലെ 62ല്‍ നിന്ന് 65 ആയി ഉയര്‍ത്താനുള്ള നിര്‍ദേശവും ചീഫ് ജസ്റ്റിസ് മുന്നോട്ട് വച്ചിട്ടുണ്ട്. ‘ഇത് പെട്ടെന്ന് നടപ്പാക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് വിരമിക്കല്‍ മരവിപ്പിക്കും. ഈ മൂന്ന് വര്‍ഷത്തിനുള്ളില്‍ നല്ല ന്യായാധിപന്മാരെ കണ്ടെത്തി നിയമിച്ച് നിലവിലെ 403 ഒഴിവുകള്‍ നികത്താന്‍ ശ്രമിക്കാം. ഇതാണ് എന്‌റെ സ്വപ്‌നം,’ ഗൊഗോയ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook