ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ഗൂഢാലോചന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസിനെതിരെ വ്യാജ കേസ് ചുമത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചുള്ള അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സിന്റെ സത്യവാങ്മൂലം പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. വിരമിച്ച ജസ്റ്റിസ് എ.കെ.പട്‌നായിക് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.ജസ്റ്റിസ് ആർ.എഫ്.നരിമാൻ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരാണ് ബഞ്ചിലെ മറ്റ് അഭിഭാഷകർ.

സിബിഐ ഡയറക്ടര്‍, ഐബി ഡയറക്ടര്‍, ഡൽഹി പൊലീസ് കമ്മീഷണർ എന്നിവരോട് അന്വേഷണത്തില്‍ പങ്കാളികളാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ.പട്നായികിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്ന ശേഷം റിപ്പോർട്ട് സീൽ വച്ച കവറിൽ സമർപ്പിക്കണം. അതിന് ശേഷമായിരിക്കും കേസ് വീണ്ടും പരിഗണിക്കുക. ഗൂഢാലോചന ആരോപണത്തിൽ മാത്രമായിരിക്കും ഇപ്പോൾ അന്വേഷണം നടക്കുക.

സുപ്രീം കോടതിക്കെതിരായ ആസൂത്രിത ആക്രമണങ്ങൾ കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി നടക്കുന്നുവെന്ന് ജസ്റ്റിസ് അരുൺ മിശ്ര നേരത്തെ നിരീക്ഷിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണം ഗൂഢാലോചനയാണെന്ന സത്യവാങ്മൂലം പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമർശം. പണവും പ്രതാപവുമുളളവരെ കോടതി ഭരിക്കാൻ അനുവദിക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. അഭിഭാഷകൻ ഉത്​സവ്​ ​ബെയിൻസാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന സത്യവാങ്മൂലം സമർപ്പിച്ചത്.

“സമ്പന്നർക്കും പ്രതാപികൾക്കും സുപ്രീംകോടതി ഭരിക്കാമെന്ന് കരുതേണ്ട. അവർ തീ കൊണ്ടാണ് കളിക്കുന്നത്” ജസ്​റ്റിസ്​ അരുൺ മിശ്ര, ആർ.എഫ്​ നരിമാൻ, ദീപക്​ ഗുപ്​ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന സംബന്ധിച്ച് കോടതി രണ്ട് മണിക്ക് ഉത്തരവ് പുറപ്പെടുവിക്കും.

Read: ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് പറഞ്ഞ അഭിഭാഷകന് സുപ്രീം കോടതിയുടെ നോട്ടീസ്‌

സുപ്രീം കോടതിയിലെ മുൻ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ സിബിഐ, ഐബി, ഡല്‍ഹി പൊലീസ് മേധാവികളെ സുപ്രീം കോടതി നേരത്തെ വിളിച്ചുവരുത്തിയിരുന്നു. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതിയില്‍ ഗൂഢാലോചനയുണ്ടെന്ന് ഒരു അഭിഭാഷകന്‍ അറിയിച്ചതിനു പിന്നാലെയാണ് കോടതിയുടെ നടപടി. അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ വ്യാജ കേസുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പണം അടക്കം തനിക്ക് വാഗ്‌ദാനം ചെയ്യപ്പെട്ടതായി അഭിഭാഷകനായ ഉത്സവ് ബെയിന്‍ കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് പുറത്താക്കപ്പെട്ട രണ്ട് ജോലിക്കാരുടെ പേരുള്ളതും വളരെ ഗൗരവമായാണ് സുപ്രീം കോടതി കാണുന്നത്. ഉത്സവിന്റെ സത്യവാങ്മൂലത്തില്‍ ഗുരുതര വിഷയങ്ങളുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook