ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിക്കെതിരായ ലൈംഗികാരോപണ പരാതി തള്ളി. സുപ്രീം കോടതിയിലെ ആഭ്യന്തര അന്വേഷണ സമിതിയാണ് പരാതി തള്ളിയത്. ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് പറഞ്ഞാണ് മൂന്നംഗ അന്വേഷണ കമ്മിറ്റി പരാതി തള്ളിയത്. ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ കമ്മിറ്റിയില്‍ വനിതാ ജഡ്ജിമാരായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരുമുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കഴിഞ്ഞ ബുധനാഴ്ച ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്‍പാകെ ഹാജരായിരുന്നു. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നും അന്വേഷണ സമിതി വ്യക്തമാക്കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയത് തന്നെ അതിയായി വേദനിപ്പിച്ചെന്നും ദു:ഖിതയാണെന്നും പരാതിക്കാരി പ്രതികരിച്ചു. എല്ലാ തെളിവുകളും സമര്‍പ്പിച്ചിട്ടും സമിതി തനിക്ക് നീതി നേടി തരാത്തതില്‍ ഭയമുണ്ടെന്നും താനും കുടുംബവും അനുഭവിച്ച അപമാനവും സസ്‌പെന്‍ഷനും ഡിസ്മിസലുകളിലുമൊന്നും പറയാത്തതും തന്നെ വേദനിപ്പിച്ചെന്നും അവര്‍ പറഞ്ഞു.
തന്റെ പേടി ശരിയായെന്നും പരമോന്നത കോടതിയിലുണ്ടായ പ്രതീക്ഷകള്‍ തകര്‍ന്നെന്നും പരാതിക്കാരി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ കോപ്പി തന്നില്ലെന്നും ഇതോടെ എന്തുകൊണ്ട് തന്റെ പരാതി തള്ളിയതെന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. യുവതിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്വേഷണ സമിതി ചൂണ്ടിക്കാട്ടി. അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് പരാതിക്കാരി നേരത്തെ തന്നെ അന്വേഷണവുമായി സഹകരിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. പരാതിക്കാരി പിന്മാറിയെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാൻ മൂന്നംഗ സമിതി തീരുമാനിക്കുകയായിരുന്നു. തനിക്കൊപ്പം ഒരു സഹായിയെയോ അഭിഭാഷകനെയോ അനുവദിക്കാൻ അന്വേഷണ സമിതിയിലെ അംഗങ്ങൾ വിസമ്മതിച്ചതാണ് അന്വേഷണവുമായി സഹകരിക്കില്ലെന്ന നിലപാടിലേക്ക് പരാതിക്കാരിയെ എത്തിച്ചത്. അന്വേഷണ സമിതി ഇതിനെ ലെെംഗിക ആരോപണ കേസായി കാണാതെ സാധാരണ കേസായി പരിഗണിക്കുന്നു എന്ന വിമർശനവും പരാതിക്കാരി ഉയർത്തിയിരുന്നു.
Read More: ജുഡീഷ്യറി വലിയ ഭീഷണി നേരിടുന്നു: ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്
2018 ഒക്ടോബര്‍ 10,11 ദിവസങ്ങളിലാണ് ചീഫ് ജസ്റ്റിസില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായതായി പരാതിക്കാരി 28 പേജുള്ള പരാതിയില്‍ പറയുന്നത്. വീട്ടിലെ ഓഫീസില്‍ വച്ച് അപമര്യാദയായി ദേഹത്ത് സ്പര്‍ശിച്ചു എന്നായിരുന്നു ആരോപണം.
ലൈംഗിക ആരോപണം പുറത്തുവന്നതിനു പിന്നാലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രത്യേക സിറ്റിങ് വിളിച്ചുചേര്‍ത്തിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ പ്രത്യേക ബെഞ്ചിൽ ജസ്റ്റിസുമാരായ അരുൺ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരും ഉണ്ടായിരുന്നു. ഇത് അവിശ്വസനീയമാണെന്നും ആരോപണങ്ങൾ നിഷേധിച്ച് അത്രയും തരം താഴാൻ താൻ താൽപര്യപ്പെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത്തരം ആരോപണം ഉയർത്തി ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പ്രവർത്തനരഹിതമാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ജുഡീഷ്യറി വലിയ ഭീഷണി നേരിടുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിനുപിന്നാലെയാണ് മൂന്നംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയത്. അന്വേഷണ സമിതിയിൽ ജസ്റ്റിസ് എൻ.വി.രമണയുണ്ടായിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസുമായി അടുത്ത ബന്ധമുള്ള രമണ അന്വേഷണ സമിതിയിലുള്ളതിൽ പരാതിക്കാരി ആശങ്ക അറിയിച്ചതോടെ ജസ്റ്റിസ് രമണ സ്വയം പിന്മാറി. അതിനുശേഷമാണ് ഇന്ദു മൽഹോത്ര മൂന്നംഗ സമിതിയിലെ അംഗമായത്.
Read More: ചീഫ് ജസ്റ്റിസിനെതിരായ പരാതി; അന്വേഷണത്തില്‍ നിന്ന് ജസ്റ്റിസ് രമണ പിന്മാറി
അതേസമയം, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ഗൂഢാലോചന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസിനെതിരെ വ്യാജ കേസ് ചുമത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചുള്ള അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സിന്റെ സത്യവാങ്മൂലം പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. വിരമിച്ച ജസ്റ്റിസ് എ.കെ.പട്‌നായികാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു ഉത്തരവ്.