ന്യൂഡല്‍ഹി: മാധ്യമവിചാരണയ്ക്കെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി ചീഫ് എന്‍ വി രമണ. പരിചയസമ്പന്നരായ ജഡ്ജിമാര്‍ക്കു പോലും തീരുമാനിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ പല മാധ്യമങ്ങളും ‘കംഗാരു കോടതികള്‍’ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
റാഞ്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് ഇന്‍ ലോയില്‍ നടന്ന പരിപാടിയിലാണ് ജുഡീഷ്യറി നേരിടുന്ന പ്രശ്നങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
”നീതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വേണ്ടത്ര അറിവില്ലാതെയും അജന്‍ഡ അടിസ്ഥാനമാക്കിയുള്ളതുമായ സംവാദങ്ങള്‍ ജനാധിപത്യത്തിന്റെ ആരോഗ്യത്തിനു ഹാനികരമാണ്. മാധ്യമങ്ങള്‍ പക്ഷപാതപരമായ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളെ ബാധിക്കുന്നു. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നു, വ്യവസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. നീതി വിതരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ലംഘിച്ച് ജനാധിപത്യത്തെ പിന്നോട്ടു നടത്തുകയാണ്. അച്ചടി മാധ്യമങ്ങള്‍ ഒരു പരിധിവരെ ഉത്തരവാദിത്തം കാണിക്കുന്നുണ്ട്. എന്നാല്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കു തീരെ ഉത്തരവാദിത്തമില്ല. അതിലും മോശമാണ് സോഷ്യല്‍ മീഡിയയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
”മാധ്യമങ്ങള്‍ വാക്കുകള്‍ സ്വയം നിയന്ത്രിക്കുകയും പരിശോധിക്കുകയും ചെയ്യുന്നതാണു നല്ലത്. അതിരുകടന്ന് സര്‍ക്കാരില്‍ നിന്നോ കോടതിയില്‍നിന്നോ ഇടപെടല്‍ ക്ഷണിച്ചുവരുത്തരുത്. ജഡ്ജിമാര്‍ ഉടനടി പ്രതികരിച്ചേക്കില്ല. ദയവ് ചെയ്ത് അതൊരു ബലഹീനതയായോ നിസഹായതയായോ തെറ്റിദ്ധരിക്കരുത്. സ്വാതന്ത്ര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുമ്പോള്‍ ബാഹ്യ നിയന്ത്രണങ്ങളുടെ ആവശ്യമില്ല,”സി ജെ ഐ പറഞ്ഞു.
”രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കു വിരമിച്ച ശേഷവും അവരുടെ ജോലിയുടെ സവിശേഷത കാരണം പലപ്പോഴും സുരക്ഷ നല്‍കാറുണ്ട്. വിരോധാഭാസമെന്നു പറയട്ടെ, ജഡ്ജിമാര്‍ക്ക് അത്തരം സംരക്ഷണം നല്‍കുന്നില്ല,” ജഡ്ജിമാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞു.
”ന്യായാധിപന്മാര്ക്കു നേരെയുള്ള ശാരീരിക ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായി അടുത്ത കാലത്ത് നാം കാണുന്നു. തങ്ങള്‍ ശിക്ഷിച്ച ആളുകളുടെ അതേ സമൂഹത്തില്‍, യാതൊരു സുരക്ഷിതത്തമില്ലാതെ ജഡ്ജിമാർ ജീവിക്കണം.”
ഇന്നത്തെ ജുഡീഷ്യറിക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി വിധിനിര്‍ണയത്തിനുള്ള കാര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുകയാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ ജഡ്ജിമാര്‍ക്കു കണ്ണടയ്ക്കാന്‍ കഴിയില്ല. ഒഴിവാക്കാവുന്ന സംഘര്‍ഷങ്ങളില്‍നിന്നും ഭാരങ്ങളില്‍നിന്നും വ്യവസ്ഥയെ സംരക്ഷിക്കാന്‍ ജഡ്ജി കാര്യങ്ങള്‍ ഉടനടി കൈകാര്യം ചെയ്യുന്നതിനു മുന്‍ഗണന നല്‍കണം.
ജുഡീഷ്യല്‍ ഒഴിവുകള്‍ നികത്താത്തതും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതുമാണു രാജ്യത്ത് കേസുകള്‍ കെട്ടിക്കിടക്കാനുള്ള പ്രധാന കാരണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.