ന്യൂഡൽഹി: മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കെതിരെ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പിന്മാറി. ബോബ്‌ഡെയുടെ സഹോദരന്‍ വിനോദ് ബോബ്ഡെ ആയിരുന്നു തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ഭരണഘടന ബെഞ്ചിന് മുമ്പാകെ ഹാജരായിരുന്നത്. ഈ സാഹചര്യത്തിലാണ് സിജെഐയുടെ പിന്മാറ്റം.

റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചായിരിക്കും ഹർജി പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനുവേണ്ടി ഭരണഘടനാ ബെഞ്ച് രൂപം നല്‍കിയ മേല്‍നോട്ട സമിതിക്കെതിരെയാണ് സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ഭരണഘടനാ ബെഞ്ച് നല്‍കിയ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു എന്ന് ആരോപിച്ചാണ് ഹർജി. നിലവില്‍ രൂപീകരിച്ചിരിക്കുന്ന ഉപസമിതികള്‍ പിരിച്ച് വിടുകയും ഇനി ഉത്തരവാദിത്തങ്ങള്‍ ഉപസമിതികള്‍ക്ക് കൈമാറരുത് എന്ന് നിര്‍ദേശിക്കുകയും ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അണക്കെട്ടിന്റെ റൂള്‍ കെര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍ സ്‌കീം എന്നിവ തയ്യാറാക്കാന്‍ കേന്ദ്ര ജലകമ്മിഷനോട് നിര്‍ദേശിക്കണമെന്നതാണ് ഹർജിയിലെ മറ്റൊരാവശ്യം.

ജനപ്രതിനിധികൾ അടക്കമുള്ളവരാണ് സുപ്രീംകോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. കോതമംഗലം സ്വദേശി ഡോക്ടര്‍ ജോ ജോസഫും കോതമംഗലം ബ്‌ളോക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍കുട്ടി, ജെസ്സി മോള്‍ ജോസ് എന്നിവരാണ് ഹർജിക്കാർ. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ നേരിട്ട് പരിശോധന നടത്താന്‍ മേല്‍നോട്ട സമിതിയോട് നിര്‍‌ദേശിക്കണം. ഇതുവരെ അണക്കെട്ടില്‍ നടത്തിയിട്ടുള്ള അറ്റകുറ്റ പണികളുടെ വിശദശാംശങ്ങള്‍ കൈമാറാന്‍ മേല്‍നോട്ട സമിതിയോട് നിര്‌ദേശിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook