ന്യൂഡൽഹി: നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുമ്പോൾ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ആ സ്ഥാനത്തേക്ക് ഉയരുമെന്ന് വ്യക്തമായി. അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ആര് വേണമെന്ന കേന്ദ്രസർക്കാരിന്റെ ചോദ്യത്തിന് മറുപടിയായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അയച്ച കത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മാസങ്ങൾക്ക് മുൻപ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ വാർത്താ സമ്മേളനം വിളിച്ചുചേർക്കുകയും രാജ്യത്ത് ജുഡീഷ്യറി അപകടാവസ്ഥയിലാണെന്ന് പറയുകയും ചെയ്ത നാല് മുതിർന്ന സുപ്രീം കോടതി ജസ്റ്റിസുമാരിൽ ഒരാളാണ് രഞ്ജൻ ഗൊഗോയ്.
നിലവിലെ ജസ്റ്റിസുമാരിൽ അടുത്ത ചീഫ് ജസ്റ്റിസാകാൻ ഏറ്റവും കൂടുതൽ സീനിയോറിറ്റി ഉളളത് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കാണ്. സുപ്രീം കോടതിയുടെ പരിഗണനയിലെത്തുന്ന പ്രധാന കേസുകൾ ജൂനിയർ ജസ്റ്റിസുമാരുടെ ബെഞ്ചിലേക്ക് കൈമാറിയതാണ് മുതിർന്ന ജഡ്ജിമാരെ പ്രകോപിപ്പിച്ചത്.
ഒക്ട്ടോബർ രണ്ടാം തിയതിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നത്. ഇതിന് പിന്നാലെ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.