ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തളളി. ചീഫ് ജസ്റ്റിസിനെ ഇംപീച്ച്മെന്റ് ചെയ്യാൻ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു നോട്ടീസ് തളളിയത്. നിയമവിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാണ് പ്രതിപക്ഷ പാർട്ടികൾ നൽകിയ നോട്ടീസ് തളളാൻ രാജ്യസഭാ അധ്യക്ഷൻ തീരുമാനമെടുത്തത്.
ചീഫ് ജസ്റ്റിസിന് എതിരായ ആരോപണങ്ങളിൽ തെളിവില്ലെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കി. ഇംപീച്ച്മെന്റ് തളളിയ സാഹചര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് 7 പ്രതിപക്ഷ പാർട്ടികളിൽനിന്നുളള എംപിമാർ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ അധ്യക്ഷന് കൈമാറിയത്. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന് നോട്ടീസ് നൽകിയത്.
ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി നിലപാടെടുത്തതോടെയാണ് ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കം കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ സജീവമായത്. കോൺഗ്രസിനൊപ്പം 6 പാർട്ടികളാണ് ഇംപീച്ച്മെന്റ് നീക്കത്തിനായി മുന്നോട്ട് വന്നത്. ഇംപീച്ച്മെന്റ് നീക്കത്തിന് സിപിഎമ്മിന്റെ പൂർണ പിന്തുണയും കോൺഗ്രസിനുണ്ട്. സിപിഐ, എൻസിപി, എസ്‌പി, ബിഎസ്‌പി, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എന്നിവരാണ് പിന്തുണ അറിയിച്ച മറ്റു പാർട്ടികൾ.
ഉത്തർപ്രദേശിലെ മെഡിക്കൽ കോളേജ് അഴിമതിയിൽ ചീഫ് ജസ്റ്റിസിന്റെ പേര് പരാമർശിക്കപ്പെട്ടതും ഗൗരവമുളള കേസുകൾ അനുകൂല ബെഞ്ചിലേക്ക് മാറ്റുന്നതും ജഡ്ജിയാകുന്നതിന് മുൻപു നടന്ന ഭൂമിയിടപാടും തുടങ്ങി 5 കാരണങ്ങളാണ് ഇംപീച്ച്മെന്റ് നീക്കത്തിന് പ്രതിപക്ഷം മുന്നോട്ടുവച്ചത്.