ന്യൂഡൽഹി: ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ ശക്തമായ നടപടി വേണമെന്ന് സുപ്രീംകോടതി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അക്രമങ്ങളാണിത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ഇത്തരം ആൾക്കൂട്ട അക്രമങ്ങൾ തടയാൻ നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജനാധിപത്യത്തിൽ ആൾക്കൂട്ട നിയമം അനുവദിക്കാനാവില്ല. നിയമം കൈയ്യിലെടുക്കാൻ ജനങ്ങൾക്ക് അധികാരമില്ല. പശുവിന്റെ പേരിലുളളത് ഉൾപ്പെടെ ആൾക്കൂട്ട കൊലപാതകങ്ങൾ അനുവദിക്കരുത്. പശുവിന്റെ പേരിൽ നടക്കുന്നത് സംഭവിക്കാൻ പാടില്ലാത്ത അതിക്രമങ്ങളാണ്. പ്രത്യേക കേസായി പരിഗണിച്ച് ഇത്തരം അക്രമങ്ങളിൽ പ്രതിയാകുന്നവർക്ക് ശക്തമായ ശിക്ഷ നൽകണം. അതിനായി പ്രത്യേക നിയമം കേന്ദ്ര സർക്കാർ കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി.

ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നേരത്തെ മാർഗ്ഗ നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശങ്ങളിൽ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് രണ്ടാഴ്ചയ്ക്കകം കേന്ദ്ര സംസ്ഥാന സർക്കാരുകൾ അറിയിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

ആൾക്കൂട്ട കൊലപാതകങ്ങളിൽ സുപ്രീം കോടതി ഇതിനു മുൻപും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം അക്രമങ്ങൾ തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും അവ ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും നിർദ്ദേശങ്ങൾ വന്നതിനുശേഷവും രാജ്യത്തിന്റെ പല ഭാഗത്തും ആൾക്കൂട്ട കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ