മൊസൂള്‍: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ പരാജയം സമ്മതിച്ചതോടെ പ്രദേശത്തു നിന്ന് കുടുബങ്ങള്‍ കൂട്ടമായി പാലായനം ചെയ്യുകയാണ്. യു.എന്‍ മനുഷ്യാവകാശ ഏജന്‍സിയായ ഒക്ക യുടെ റിപ്പോര്‍ട്ടനുസരിച്ച് പതിനായിരത്തിലധികം പേരാണ് കൂട്ടമായി പാലായനം ചെയ്യുന്നത്.

ഐഎസ് ശക്തി കേന്ദ്രത്തില്‍ കുടുങ്ങിയ സാധാരണക്കാര്‍ പലായനം ചെയ്യുമ്പോള്‍ കൂട്ടത്തില്‍ ഭീകരര്‍ നുഴഞ്ഞു കയറുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സൈന്യത്തിന് പ്രയാസമേറിയ കാര്യമാണ്. ആകെ അവശേഷിക്കുന്ന തട്ടകമായ മൊസൂളും കൈവിടുകയാണെന്ന് ബോധ്യപ്പെട്ടതോടെ ഐഎസ് തോല്‍വി സമ്മതിക്കുകയായിരുന്നു.
മൊസൂളില്‍ ഇനി പിടിച്ചു നില്‍ക്കാനാവില്ലെന്നും ഇറാഖിലെയും സിറിയയിലെയും മലനിരകളിലേക്കു പിന്‍വാങ്ങി ഒളിച്ചിരിക്കാനാണു വിടവാങ്ങല്‍ പ്രസംഗത്തിലൂടെ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി അനുയായികളോട് നിര്‍ദ്ദേശിച്ചത്.

അറബുനാട്ടുകരല്ലാത്തവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുകയോ സ്വയം പൊട്ടിത്തെറിച്ച് മരിക്കുകയോ ചെയ്യുക എന്ന സന്ദേശമാണ് ചൊവ്വാഴ്ച ബാഗ്ദാദി നല്‍കിയത്. ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേനയുടെ നേതൃത്വത്തില്‍ ആക്രമണം ആരംഭിച്ചിരുന്നു.

കിഴക്കന്‍ മൊസൂള്‍ ജനുവരി അവസാനത്തോടെ തിരിച്ചു പിടിച്ചിരുന്നു. മൂന്നു മാസത്തെ പോരാട്ടത്തിനുശേഷമായിരുന്നു അത്. 2014 ലിലാണ് മൊസൂള്‍ പിടിച്ച ഐഎസ് മേഖലയെ തങ്ങളുടെ ഭരണകേന്ദ്രമായി പ്രഖ്യാപിച്ചത്.

ഇറാഖിലെ ഏറ്റവും ശക്തകേന്ദ്രമായ മൊസൂളിൽ ഇറാഖ് സൈന്യം ആധിപത്യം സ്ഥാപിച്ചതോടെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്മാരുടെ നില പരുങ്ങലിലായി. ഐഎസ് ഭീകരന്മാരുടെ ചെറുത്ത് നിൽപ്പ് കൂടുതൽ ദുർബലമാകുന്നതായും, മേഖലയിൽ തങ്ങൾ പൂർണ്ണമായും ആധിപത്യം നേടിയതായും ഇറാഖ് സൈനിക വക്താവ് അവകാശപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook