യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷ -2018 രാജ്യത്തുടനീളം അടുത്ത മാസം മൂന്നിന് (ജൂണ്‍ 03) ന് നടക്കും. യുപിഎസ്‌ സിയുടെ വൈബ്‌സൈറ്റായ //www.upsc.gov.in ല്‍ ഇ-അഡ്മിറ്റ് കാര്‍ഡുകള്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതിനായി, മത്സരാര്‍ത്ഥികള്‍ ഇ -അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. പരീക്ഷാ കേന്ദ്രങ്ങളില്‍ ഇത് ഹാജരാക്കണം.

അഡ്മിഷന്‍ കാര്‍ഡില്‍ ഫൊട്ടോ വ്യക്തമല്ലെങ്കില്‍ ഓരോ പരീക്ഷാ സെഷനും വേണ്ടി, രണ്ട് സമാനഫൊട്ടോഗ്രാഫുകള്‍, തിരിച്ചറിയല്‍ രേഖകളായ ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ തിരിച്ചറിയല്‍ രേഖ എന്നിവയിലൊന്ന് ഹാജരാക്കണം. ഈ പരീക്ഷക്കുവേണ്ടി പേപ്പര്‍ അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതല്ല. ഇ അഡ്മിറ്റ് കാര്‍ഡില്‍ അപാകം ഉണ്ടെങ്കില്‍ uscsp-upsc@nic.in എന്ന ഇ-മെയില്‍ വഴി ബന്ധപ്പെടണം. അഡ്മിഷന്‍ കാര്‍ഡിലെ പ്രധാന നിര്‍ദേശങ്ങള്‍ മത്സരാര്‍ത്ഥികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണം.

പരീക്ഷാസമയമായ രാവിലെ 9.30നും, ഉച്ചക്ക് 2.20നും 10 മിനുട്ട് മുന്‍പേ പരീക്ഷാഹാളിലേയ്ക്കുള്ള പ്രവേശനം നിര്‍ത്തിവെയ്ക്കും. പ്രവേശനം സമയം കഴിഞ്ഞാല്‍ ആര്‍ക്കും പരീക്ഷാഹാളിലേയ്ക്ക് പ്രവേശിക്കാനാകില്ല.

മത്സരാര്‍ത്ഥികള്‍, ഹാജര്‍പട്ടിക പൂരിപ്പിക്കാനും ഒഎംആര്‍ ഷീറ്റ് കറുപ്പിക്കാനും വേണ്ടി കറുത്ത ബോള്‍ പോയിന്റ് പേനയാണ് കൊണ്ടുവരേണ്ടത്. ചോദ്യപേപ്പര്‍ സംബന്ധമായ നിവേദനം നല്‍കണമെങ്കില്‍, ജൂണ്‍ 4 മുതല്‍ 10 വരെയുള്ള സമയത്ത്, //upsconline.nic.in/miscellaneous/QPRep/ എന്ന് വെബ്‌സൈറ്റിലെ ലിങ്കില്‍കൂടി ഓണ്‍ലൈന്‍ ക്വസ്റ്റ്യന്‍ പേപ്പര്‍ റെപ്രസെന്റേഷണല്‍ പോര്‍ട്ടലില്‍കൂടി ഉന്നയിക്കണം. ജൂണ്‍ 10 ന് ശേഷം, എതെങ്കിലും രൂപത്തില്‍ നല്‍കുന്ന പ്രാതിനിധ്യം സ്വീകരിക്കുന്നതല്ല.

മൊബൈല്‍ ഫോണ്‍ (സ്വിച്ച്ഡ് ഓഫ് ആണെങ്കിലും), പേജര്‍, മറ്റേതെങ്കിലും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, പെന്‍ഡ്രൈവ്, സ്മാര്‍ട്ട് വാച്ചുകള്‍, ക്യാമറ, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ എന്നിവ പോലുള്ളവ ആശയവിനിമയത്തിനോ, കണക്ക്കൂട്ടാനോ ഉപയോഗിക്കുന്നതിനായി പരീക്ഷാഹാളിനകത്ത് അനുവദിക്കില്ല. ഏതെങ്കിലും വിധത്തില്‍ നിബന്ധനകള്‍ തെറ്റിക്കുകയാണെങ്കില്‍ ഭാവി പരീക്ഷകളില്‍ നിന്നും ഡീബാര്‍ ചെയ്യുന്നതടക്കമുള്ള അച്ചടക്ക നടപടികള്‍ കൈക്കൊള്ളുന്നതാണ്.

വിലപിടിപ്പുള്ള വസ്തുക്കള്‍, ബാഗുകള്‍ മുതലായവയും പരീക്ഷാ കേന്ദ്രങ്ങളില്‍ അനുവദിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook