അഗര്‍ത്തല: വിവാദ മണ്ടന്‍ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധിയാര്‍ജിക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പുതിയ പരാമര്‍ശവുമായി രംഗത്ത്. മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞവരല്ല, സിവിൽ‌ എൻജിനീയറിങ് കഴിഞ്ഞവരാണ് സിവിൽ സർവീസിന് അപേക്ഷിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഭരണമേഖലയിലും സമൂഹത്തിലും എന്താണു നടക്കുന്നതെന്ന് സിവില്‍ എൻജിനീയറിങ് വിദ്യാർഥികൾക്ക് അറിയാം. മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞവർ അതിനു പോകേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഗര്‍ത്തലയില്‍ സിവിൽ സര്‍വീസ് ദിനത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

‘മെക്കാനിക്കല്‍ എൻജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയവര്‍ സിവില്‍ സര്‍വീസിന് ശ്രമിക്കരുത്. ഭരണകൂടത്തിന്റെയും സമൂഹത്തിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പരിചയമുണ്ടാവുക സിവില്‍ എൻജിനീയര്‍മാര്‍ക്കാണ്. സിവില്‍ എൻജിനീയറിങ് പഠനമാണ് ഈ അറിവ് നല്‍കുന്നത്. നേരത്തെ ഹ്യൂമാനിറ്റീസ് പശ്ചാത്തലമുള്ളവരാണ് സിവില്‍സർവീസ് മേഖലയില്‍‍ എത്തിയിരുന്നത്. എന്നാൽ ഇന്ന് ട്രെന്‍ഡ് മാറിക്കഴിഞ്ഞുവെന്നും ഡോക്ടർമാരും എന്‍ജിനീയർമാരും മൽസരപരീക്ഷകള്‍ക്ക് ഹാജരാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാര്‍ക്കും സിവില്‍ എൻജിനീയര്‍മാരെ പോലെ സിവില്‍ സര്‍വീസില്‍ ചേരാന്‍ അര്‍ഹതയുണ്ടെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ പെട്ടെന്ന് തന്നെ അവര്‍ പഠിച്ച അറിവുകള്‍ പ്രാവര്‍ത്തികമാക്കാനാകും. അതുകൊണ്ട് അവര്‍ ഐഎഎസുകാര്‍ ആവട്ടേയെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ മഹാഭാരത യുദ്ധകാലത്തുതന്നെ ഇന്റർനെറ്റും ഉപഗ്രഹങ്ങളും ഉണ്ടായിരുന്നുവെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനകളിലൊന്ന്. ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ലഭിച്ചിരുന്നുവെന്നാണ് ബിപ്ലബ് പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ