കൊച്ചി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും അപ്രതീക്ഷിത നോട്ട് ക്ഷാമം. കര്‍ണാടക മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും കേരളത്തില്‍ ചിലയിടങ്ങളിലും എടിഎമ്മുകളില്‍ കാശ് ലഭ്യമല്ല. ഇത് സംബന്ധിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തിട്ടുളളത്. കൊച്ചിയില്‍ ചിലയിടങ്ങളില്‍ എടിഎമ്മുകള്‍ അടഞ്ഞുകിടക്കുകയാണ്. ഡല്‍ഹിയിലെ ആര്‍കെ പുരത്തിലും ഖാന്‍പൂരിലും നിരവധി എടിഎമ്മുകള്‍ കാലിയാണ്.

ഹൈദരാബാദ് നഗരത്തിലെ പല എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയുന്നില്ലെന്ന് എഎന്‍ഐയോട് നിരവധി പേരാണ് പ്രതികരിച്ചത്. ഇന്നലെ മുതല്‍ വാരണാസിയിലും പണമില്ലെന്ന് ആളുകള്‍ പരാതിപ്പെട്ടു. സംഭവത്തില്‍ അടിയന്തര നടപടി എടുക്കാനായി ധനമന്ത്രാലയം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതരെ കണ്ടതായും റിപ്പോര്‍ട്ടുണ്ട്. ഉത്സവ സീസണില്‍ ജനങ്ങള്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആര്‍ബിഐയുടെ വിശദീകരണം. രാജ്യത്തെ ചിലയിടങ്ങളില്‍ അപ്രതീക്ഷിതമായി കൂടുതല്‍ പണം ആവശ്യം വന്നത് കാരണമാണ് ഇപ്പോള്‍ ദൗര്‍ലഭ്യം ഉണ്ടായതെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

വിപണിയില്‍ നിന്നും 2000 രൂപ നോട്ടുകള്‍ അപ്രത്യക്ഷമാവുകയാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ‘നോട്ട് നിരോധനത്തിന് മുമ്പ് 15,00,000 കോടിയുടെ കറന്‍സികളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഇത് 16,50,000 കോടിയായി ഉയര്‍ത്തി. എന്നിട്ടും 2000 രൂപ നോട്ടുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമാവുന്നു’, ചൗഹാന്‍ പറഞ്ഞു. സംസ്ഥാനത്തെ പല ഭാഗങ്ങളിലും നോട്ട് ക്ഷാമം ഉണ്ടെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ