ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടയില്‍ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് ലോക്സഭ ബില്‍ പാസാക്കിയത്. ഇതേ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുസ്‌ലിം വിഭാഗങ്ങള്‍ ഒഴികെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്ന ബില്ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കുക.

നേരത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ബില്‍ നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായുള്ള അവസാന പാര്‍ലമെന്റ് സമ്മേളനമായതിനാല്‍ ബില്‍ പാസാക്കാനുള്ള അവസാന ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ നിരവധി പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യതകളുണ്ട്.

ബില്‍ ലോക് സഭയില്‍ പാസാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയൊരുക്കിയിരുന്നു. തലസ്ഥാന നഗരിയായ ഇംഫാലില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുയാണ് തിങ്കളാഴ്ച രാത്രി മുതല്‍ കനത്ത പ്രതിഷേധങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണിത്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള സേവനങ്ങളെല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്. ബില്ലിനെ എതിര്‍ക്കുന്ന സംഘടനകള്‍ കരിദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുള്ള മിസോറാമിലും വലിയ സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കിയിട്ടുണ്ട്.

ഇംഫാലില്‍ ഞായറാഴ്ച രാത്രി പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന ആറ് സ്ത്രീകള്‍ക്ക് പരുക്കേറ്റിരുന്നു. തിങ്കളാഴ്ചയും പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ പൊലീസ് വീണ്ടും കണ്ണീര്‍ വാതകം പ്രയോഗിച്ചു.

അതേസമയം, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിറെന്‍ സിങ്ങും ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ബില്‍ രാജ്യസഭയില്‍ പാസാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഇവര്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങിനോട് ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook