ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ ബില്‍ ലോകസഭയില്‍ പാസാക്കി. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നും കുടിയേറിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നത്.

ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് എജിപി ഇന്നലെ ബിജെപിയ്ക്ക് പിന്തുണ നല്‍കുന്നത് പിന്‍വലിച്ചിരുന്നു. അതേസമയം, ബില്‍ അസമിന് മാത്രമല്ലെന്നും അസമിന്റെ ഭാരം ഇന്ത്യയുടെ ഭാരമാണെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

”പൗരത്വ ബില്‍ അസമിന് മാത്രമുള്ളതല്ല. പടിഞ്ഞാറന്‍ അതിര്‍ത്തി കടന്നു വരുന്ന അഭയാര്‍ത്ഥികള്‍ക്ക് കൂടി വേണ്ടിയുള്ളതാണ്. കുറേ നാളുകളായി അസം അനധികൃത കുടിയേറ്റത്തെ നേരിടുകയാണ്. അസമിന്റെ ഭാരം ഇന്ത്യയുടെ ഭാരമാണ്” രാജ്‌നാഥ് സിങ് പറഞ്ഞു.

രാജ്‌നാഥ് സിങിന്റെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് ലോകസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ബില്‍ കാരണം നോര്‍ത്ത് ഈസ്റ്റ് മേഖല കത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി.

”പൗരത്വ ബില്‍ അസമിനേയും നോര്‍ത്ത് ഈസ്റ്റിനേയും കത്തിക്കും. അഭയാര്‍ത്ഥികളോട് വിയോജിപ്പില്ല. പക്ഷെ ബില്ലിനെ സെക്കുലര്‍ ആക്കണം. എന്തിനാണ് ആറ് മതങ്ങളെ മാത്രം ബില്ലില്‍ പറയുന്നത്. മൂന്ന് രാജ്യങ്ങളെ മാത്രം തിരഞ്ഞെടുക്കരുത്” തൃണമൂല്‍ എംപി സൗഗന്ദ റായ് പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ന്യൂനപക്ഷങ്ങള്‍, ഹിന്ദുക്കള്‍, സിക്ക്, ബുദ്ധമതം, ജൈനന്‍മാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 1985ലെ പൗരത്വ നിയമത്തെ ഭേദഗതി ചെയ്യാന്‍ തീരുമാനമായത്. അസം ഉടമ്പടിക്ക് ബില്‍ വിരുദ്ധമാണെന്ന വാദവുമായി അസം സ്വദേശികള്‍ ഇന്നലെ നഗ്‌ന പ്രതിഷേധം നടത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ