scorecardresearch
Latest News

പൗരത്വ ഭേദഗതി നിയമം: ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

പൗരത്വ ഭേദഗതി നിയമത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി ഒന്നുമില്ലെന്ന് അമിത് ഷാ ആവര്‍ത്തിച്ചു

supreme court,സുപ്രീം കോടതി. ktdc,കെടിഡിസി, kovalam,കോവളം, hotel samudra, ഹോട്ടല്‍ സമുദ്ര,ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഏഴ് ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇതില്‍ മുസ്‌ലിം ലീഗ് നല്‍കിയ ഹര്‍ജിക്കാണ് കൂടുതല്‍ പ്രാധാന്യം. തൃണമൂല്‍ കോണ്‍ഗ്രസ്, അസം ഗണ പരിഷത്ത് തുടങ്ങിയവരും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്ത ശേഷം കേസില്‍ വാദം കേള്‍ക്കണമെന്ന് മുസ്‌ലിം ലീഗ് അടക്കമുള്ള കക്ഷികള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ നിര്‍ണായകമാകും. മൂന്നംഗ ബഞ്ചാണ് കേസ് കേള്‍ക്കുക.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. “പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാറപോലെ ഉറച്ചുനില്‍ക്കുന്നു. പിന്നോട്ടു പോകുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. നിയമം നടപ്പിലാക്കും. പൗരത്വ ഭേദഗതി നിയമപരമായി നിലനില്‍ക്കുന്നതാണ്” ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

Read Also: Horoscope Today December 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പൗരത്വ ഭേദഗതി നിയമത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി ഒന്നുമില്ലെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. “അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ മാത്രമാണ് പൊലീസ് നടപടികളുണ്ടായിരിക്കുന്നത്. അല്ലാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഒന്നും പൗരത്വ ഭേദഗതി നിയമത്തിലില്ല. പൗരത്വ നിയമത്തെ കുറിച്ച് പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണ്. തലസ്ഥാനത്ത് സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്” അമിത് ഷാ പറഞ്ഞു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ വിവിധ ക്യാംപസുകളില്‍ പ്രതിഷേധം തുടരുകയാണ്. ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, വിദ്യാര്‍ഥികളുടെ പ്രതിഷേധം ജനാധിപത്യപരമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

“പഠിക്കുന്ന സ്ഥലത്തിന്റെ പ്രധാന്യം മനസിലാക്കണമെന്ന് ഞാന്‍ എല്ലാ വിദ്യാര്‍ഥികളോടും ആവശ്യപ്പെടുകയാണ്. സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ഉണ്ടാകണം. സര്‍ക്കാര്‍ നയങ്ങളില്‍ എന്തെങ്കിലും പിഴവുകളുണ്ടെന്ന് തോന്നിയാല്‍ അതിനെതിരെ പ്രതിഷേധിക്കണം. പക്ഷേ, പ്രതിഷേധങ്ങളെല്ലാം ജനാധിപത്യ രീതിയില്‍ ആയിരിക്കണമെന്ന് മാത്രം. നിങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ കേള്‍ക്കുന്നതുവരെ ഉയര്‍ത്തുക. എല്ലാവരുടെയും ശബ്ദങ്ങള്‍ കേള്‍ക്കുകയും എല്ലാവരുടെയും വികാരങ്ങള്‍ മനസിലാക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇത്,” നരേന്ദ്ര മോദി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Citizenship amendment law case in supreme court