ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അക്രമാസക്തം. ഗുവാഹത്തിയിലെ ലാലങ് ഗോണിൽ പൊലീസിനുനേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെത്തുടർന്ന് വെടിയുതിർത്തു. വെടിവയ്‌പിൽ നാലുപേർക്ക് പരുക്കേറ്റതായാണ് വിവരം.

ഗുവാഹത്തിയിൽ ബുധനാഴ്ചവരെ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അസമിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. 10 ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് 48 മണിക്കൂർ കൂടി നീട്ടി. ബുധനാഴ്ച രാത്രി 7 മുതലാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. ഗുവാഹത്തി പൊലീസ് കമ്മീഷണർ ദീപക് കുമാറിനെ മാറ്റി പകരം മുന്ന പ്രസാദ് ഗുപ്തയെ നിയമിച്ചു. മറ്റു ചില ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

Read Also: നിങ്ങളുടെ അവകാശങ്ങൾ ആർക്കും അപഹരിക്കാനാവില്ല; അസം ജനതയ്ക്ക് നരേന്ദ്ര മോദിയുടെ ഉറപ്പ്

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധത്തെത്തുടർന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഇന്നാണ് അദ്ദേഹം എത്തേണ്ടിയിരുന്നത്. ഡിസംബർ 12 മുതൽ 14 വരെയായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനം.

പൗരത്വ ഭേദഗതി ബിൽ ഇന്നലെ രാജ്യസഭയിലും പാസായിരുന്നു. ഇതിനുപിന്നാലെയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ഉടലെടുത്തത്. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു പൗരത്വം നൽകുന്നതു വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ തനിമ നഷ്ടപ്പെടുത്തുമെന്ന ഭയമാണ് പ്രതിഷേധത്തിന് പിന്നിൽ.

രാജ്യസഭയിൽ ബില്ലിനെ അനുകൂലിച്ച് 125 പേര്‍ വോട്ട് ചെയ്തപ്പോൾ 105 പേര്‍ എതിര്‍ത്തു. തിങ്കളാഴ്ച 80ന് എതിരേ 311 വോട്ടിനു ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. 2014 ഡിസംബർ 31 വരെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനമതക്കാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് പൗരത്വം നൽകുന്നതാണ് ബിൽ. ഇതിൽ മുസ്‌ലിമുകളെ ഉൾപ്പെടുത്തിയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook