ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിൽ ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം. ജാമിയ മിലിയ ഇസ്‌ലാമിക യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുടെ പ്രതിഷേധം പൊലീസുമായുളള സംഘർഷത്തിൽ കലാശിച്ചു. പൊലീസും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി. വിദ്യാർഥികൾ കല്ലെറിഞ്ഞതിനെത്തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രതിഷേധക്കാരായ വിദ്യാർഥികളെ പിരിച്ചു വിടാൻ കണ്ണീർ വാതകവും പ്രയോഗിച്ചു.

ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നു പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് വിദ്യാർഥികൾ നേരത്തെ അറിയിച്ചിരുന്നു. പ്രതിഷേധവുമായി എത്തിയ വിദ്യാർഥികളെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് പട്ടേൽ ഛൗക്കിലെയും ജൻപതിലെയും മെട്രോ സ്റ്റേഷനുകളുടെ കവാടങ്ങൾ ഡിഎംആർസി അടച്ചു. ഡൽഹി പൊലീസിന്റെ നിർദേശത്തെ തുടർന്നാണ് പട്ടേൽ ഛൗക്കിലെയും ജൻപതിലെയും മെട്രോ കവാടങ്ങൾ അടച്ചതെന്നും ഈ രണ്ടു സ്റ്റേഷനുകളിലും ട്രെയിൻ നിർത്തില്ലെന്നും ഡിഎംആർസി അറിയിച്ചു.

പൗരത്വ നിയമത്തില്‍ അസമിലെയും മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി മാറ്റിവച്ചു. ഡിസംബര്‍ 15 മുതല്‍ 17 വരെ ഗുവാഹത്തിയില്‍ നടക്കേണ്ട ഉച്ചകോടിയാണ് തല്‍ക്കാലത്തേക്ക് മാറ്റിവച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും സംയുക്തമായാണ് തീരുമാനമെടുത്തത്.

Read Also: അസം പ്രതിഷേധം: ഇന്ത്യ-ജപ്പാൻ ഉച്ചകോടി റദ്ദാക്കി

അസമിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഉച്ചകോടി ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന് വിദേശകാര്യമന്ത്രാലയവും തീരുമാനിച്ചു. ഗുവാഹത്തിയില്‍ പ്രതിഷേധത്തെ തുടർന്നുണ്ടായ പൊലീസ് വെടിവയ്‌പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

ഉച്ചകോടിക്കായി ഇന്ത്യയിലെത്തുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിനോ ആബെയ്ക്ക് സ്വാഗതം ആശംസിച്ച് ഗുവാഹത്തിയില്‍ സ്ഥാപിച്ച വലിയ ഫ്‌ളക്‌സ് ബോര്‍ഡ് പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. സ്ഥിതിഗതികള്‍ ശാന്തമായ ശേഷം ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി നടത്തുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook