ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തം. സുരക്ഷ മുൻകരുതലിന്റെ ഭാഗമായി അസമിലെ പത്ത് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ലഖിംപൂർ, ദേമാജി, ടിനുസ്ക്യ, ദിബ്രുഗാവ്, ചരായ്ഡിയോ, ശിവസാഗർ, ജോർഹത്, ഗോലഘട്ട്, കാംറൂപ് ജില്ലകളിലാണ് വ്യാഴാഴ്ച രാത്രി ഏഴു വരെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.

അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിക്കാനും തീരുമാനമായി. നാഗാലാൻഡിലെ ദിമാപൂരിലെ ക്യാംപിലാണ് സിആര്‍പിഎഫ് സൈനികര്‍ ആദ്യമെത്തുക. ഇവിടെ നിന്ന് ഇവര്‍ അസമിലേക്ക് പോകുമെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. ത്രിപുരയിൽ രണ്ട് സൈനിക കോളവും അസമിൽ ഒരു സൈനിക കോളവും എത്തും. കശ്മീരിൽ വിന്യസിച്ചിരുന്ന സിആർപിഎഫ് സൈനികരെ പിൻവലിച്ചാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നത്.

Also Read: പൗരത്വ ഭേദഗതി ബിൽ: മുസ്‌ലിങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് അമിത് ഷാ; ഭരണഘടനയുടെ അടിത്തറ ഇളക്കുന്നതെന്ന് കോൺഗ്രസ്

അസമില്‍ ഇന്നലെ 12 മണിക്കൂര്‍ ബന്ദ് നടന്നിരുന്നു. അസം വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തിലാണ് ബന്ദ് നടന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ പരസ്യമായി പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ്. അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ പൊലീസും കേന്ദ്ര സേനയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍. ഇന്ത്യയില്‍ താമസിക്കുന്ന മുസ്‌ലിങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും അവര്‍ സുരക്ഷിതരായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണെന്നും ഷാ ആരോപിച്ചു.

Also Read: പൗരത്വ ഭേദഗതി ബിൽ: പ്രതിപക്ഷത്തിന് പാക്കിസ്ഥാന്റെ സ്വരമെന്ന് നരേന്ദ്ര മോദി

ബില്‍ മുസ്‌ലിങ്ങള്‍ക്കെതിരാണ് എന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബില്ലില്‍ ഇന്ത്യയില്‍ താമസിക്കുന്ന മുസ്‌ലിങ്ങള്‍ക്കെതിരായ വിവേചനമില്ല. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ അങ്ങനെ തന്നെ ഇനിയും തുടരും. ഈ ബില്‍ ചരിത്രപരമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഞങ്ങള്‍ ബില്ലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതുകേട്ടാണ് ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തത്. മറ്റു രാജ്യങ്ങളില്‍ മതപരമായ വിവേചനങ്ങള്‍ നേരിടുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കുക മാത്രമാണ് പൗരത്വ ഭേദഗതി ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്. ചിലര്‍ ഭയപ്പെടുത്താന്‍ നോക്കുന്നുണ്ട്. എന്നാല്‍, രാജ്യത്തെ മുസ്‌ലിങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ഭരണഘടനാനുസൃതമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്, അമിത് ഷാ പറഞ്ഞു.

Also Read: പൗരത്വ ഭേദഗതി ബിൽ: കൃത്യമായ മറുപടി ലഭിക്കാതെ രാജ്യസഭയിൽ പിന്തുണയ്ക്കില്ലെന്ന് ശിവസേന

പ്രതിഷേധങ്ങൾക്കിടയിലും പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ഉച്ചയ്‌ക്ക് 12 മണിയോടെ ബിൽ അവതരണം ആരംഭിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിച്ചത്. ബിൽ അവതരണത്തിനു മുൻപ് തന്നെ സഭയിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ആരംഭിച്ചു. ലോക്‌സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയിലും പാസാകുമെന്നാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും പ്രതീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook