ന്യൂഡല്‍ഹി: പൗരത്വ (ഭേദഗതി) ബില്‍ ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയും പാസാക്കി. ബില്ലിനെ അനുകൂലിച്ച് 125 പേര്‍ വോട്ട് ചെയ്തപ്പോൾ 105 പേര്‍ എതിര്‍ത്തു. തിങ്കളാഴ്ച 80ന് എതിരേ 311 വോട്ടിനു ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. ബില്‍ രാജ്യസഭ പാസാക്കിയതിനെ ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലെ കറുത്തദിനമെന്നാണു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിശേഷിപ്പിച്ചത്.

ബില്‍ സംബന്ധിച്ച ഭേദഗതികളാണു രാജ്യസഭയില്‍ ആദ്യം വോട്ടിനിട്ടത്. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന കെ.കെ. രാഗേഷിന്റെ ആവശ്യം സഭ വോട്ടിനിട്ട് തള്ളി. പ്രമേയത്തെ 99 പേര്‍ അനുകൂലിച്ചപ്പോള്‍ 124 പേര്‍ തള്ളി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 14 ഭേദഗതികളും സഭ തള്ളി.

ശിവസേന സഭ ബഹിഷ്‌കരിച്ചു. ലോക്‌സഭയില്‍ ബില്ലിനെ ശിവസേന പിന്തുണച്ചിരുന്നു. തങ്ങള്‍ കുറച്ച് സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അതിനു വ്യക്തമായ മറുപടി ലഭിക്കാതെ രാജ്യസഭയില്‍ പിന്തുണക്കില്ലെന്നും സേന വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സമ്മര്‍ദത്തിന്റെ ഫലമായായിരുന്നു ശിവസേനയുടെ നിലപാട് മാറ്റം. ശിവസേനയുടെ നിലപാട് മാറ്റം  സ്വാഗതാർഹമായ പുരോഗതിയാണെന്നു കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു.

Read Also: പൗരത്വ ഭേദഗതി ബിൽ: കൃത്യമായ മറുപടി ലഭിക്കാതെ രാജ്യസഭയിൽ പിന്തുണയ്ക്കില്ലെന്ന് ശിവസേന

പൗരത്വ (ഭേദഗതി) ബില്‍ മുസ്‌ലിം വിരുദ്ധമല്ലെന്നാണു രാജ്യസഭയില്‍ ബില്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കുള്ള മറുപടിയായി ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. സര്‍ക്കാര്‍ നടത്തി കൊണ്ടുപോകാന്‍ മാത്രമല്ല, രാജ്യത്ത് പല തിരുത്തലുകളും വരുത്താന്‍ കൂടിയാണു നരേന്ദ്രമോദി അധികാരത്തിലെത്തിയതെന്നു അമിത് ഷാ പറഞ്ഞു. വിവാദങ്ങളെ പേടിച്ച് ശക്തമായ നടപടികളില്‍നിന്നു പിന്തിരിയില്ല. ബില്‍ പാസായ ശേഷം അഭയാര്‍ഥികളുടെ യഥാര്‍ഥ എണ്ണം വ്യക്തമാകും. അപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ പൗരത്വത്തിന് അപേക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ഉച്ചയ്ക്ക് 12 മണിയോടെ രാജ്യസഭയില്‍ ബില്‍ അവതരണം ആരംഭിച്ചത്. ബില്‍ അവതരണത്തിനു മുന്‍പ് തന്നെ സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും അവര്‍ സുരക്ഷിതരായിരിക്കുമെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു.

കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണ്. ‘ബില്‍ മുസ്ലിങ്ങള്‍ക്കെതിരാണ് എന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബില്ലില്‍ ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്കെതിരായ വിവേചനമില്ല. ഇന്ത്യയിലെ മുസ്ലിങ്ങള്‍ അങ്ങനെ തന്നെ ഇനിയും തുടരും,’ അമിത് ഷാ പറഞ്ഞു.

‘ഈ ബില്‍ ചരിത്രപരമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഞങ്ങള്‍ ബില്ലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതുകേട്ടാണ് ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തത്. മറ്റു രാജ്യങ്ങളില്‍ മതപരമായ വിവേചനങ്ങള്‍ നേരിടുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കുക മാത്രമാണ് പൗരത്വ ഭേദഗതി ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്. ചിലര്‍ ഭയപ്പെടുത്താന്‍ നോക്കുന്നുണ്ട്. എന്നാല്‍, രാജ്യത്തെ മുസ്ലിങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ഭരണഘടനാനുസൃതമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്,’ അമിത് ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook