ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍. ഇന്ത്യയില്‍ താമസിക്കുന്ന മുസ്‌ലിങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും അവര്‍ സുരക്ഷിതരായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണെന്നും ഷാ ആരോപിച്ചു.
“ബില്‍ മുസ്‌ലിങ്ങള്‍ക്കെതിരാണ് എന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബില്ലില്‍ ഇന്ത്യയില്‍ താമസിക്കുന്ന മുസ്‌ലിങ്ങള്‍ക്കെതിരായ വിവേചനമില്ല. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ അങ്ങനെ തന്നെ ഇനിയും തുടരും,” അമിത് ഷാ പറഞ്ഞു.
Read Also: ആരും നിനക്ക് പകരമാവില്ല; രഘുവരന്റെ ഓർമകളിൽ രോഹിണി
“ഈ ബില്‍ ചരിത്രപരമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഞങ്ങള്‍ ബില്ലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതുകേട്ടാണ് ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തത്. മറ്റു രാജ്യങ്ങളില്‍ മതപരമായ വിവേചനങ്ങള്‍ നേരിടുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കുക മാത്രമാണ് പൗരത്വ ഭേദഗതി ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്. ചിലര്‍ ഭയപ്പെടുത്താന്‍ നോക്കുന്നുണ്ട്. എന്നാല്‍, രാജ്യത്തെ മുസ്‌ലിങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ഭരണഘടനാനുസൃതമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്,” അമിത് ഷാ പറഞ്ഞു.
Read Also: ‘ഇന്റിമേറ്റ്’ രംഗങ്ങള്‍ ചെയ്യുമ്പോള്‍ കൈവിറയ്ക്കും: ദുല്‍ഖര്‍ സല്‍മാന്‍
എന്നാല്‍, ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. ബില്‍ പാസാക്കാന്‍ എന്തിനാണ് ഇത്ര തിടുക്കമെന്ന് കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ ചോദിച്ചു. ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. “ഈ ബില്‍ ഇന്ത്യയുടെ ആത്മാവിനെ മുറിപ്പെടുത്തുന്നതാണ്. ഭരണഘടനയുടെ അടിത്തറ ഇളക്കുന്നതാണ്. ബില്‍ ധാര്‍മികമായി പരാജയമാണ്,” ആനന്ദ് ശര്‍മ പറഞ്ഞു.
രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ഉച്ചയ്‌ക്ക് 12 മണിയോടെ ബിൽ അവതരണം ആരംഭിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിക്കുന്നത്. ബിൽ അവതരണത്തിനു മുൻപ് തന്നെ സഭയിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ആരംഭിച്ചു.
Read Also: ഗുജറാത്ത് കലാപം: നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ്
ലോക്‌സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയിലും പാസാകുമെന്നാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും പ്രതീക്ഷിക്കുന്നത്. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമല്ലാത്ത സ്വതന്ത്ര പാര്‍ട്ടികള്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് ബിജെപിയുടെ വിശ്വാസം. ബില്ലില്‍ ആറ് മണിക്കൂറോളം ചര്‍ച്ച നടക്കാനാണ് സാധ്യത. അതിനുശേഷമായിരിക്കും വോട്ടെടുപ്പ്.
എന്‍ഡിഎ സഖ്യത്തിലെ എല്ലാ അംഗങ്ങളും പിന്തുണച്ചാലും ഭൂരിപക്ഷം ആകില്ല. മറിച്ച് അണ്ണാ ഡിഎംകെ, ബിജെഡി, ശിവസേന എന്നീ എന്‍ഡിഎ ഇതര കക്ഷികള്‍ ബില്ലിനു പിന്തുണ നല്‍കിയാല്‍ പൗരത്വ ഭേദഗതി ബില്‍ അനായാസം രാജ്യസഭ കടക്കും. അണ്ണാ ഡിഎംകെയും ബിജെഡിയും തങ്ങളെ പിന്തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി.
അതേസമയം, ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണായകമാണ്. ബില്ലുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കുള്ള സംശയങ്ങള്‍ പരിഹരിച്ചാലേ രാജ്യസഭയില്‍ ബില്ലിനെ പിന്തുണയ്ക്കൂ എന്നാണ് ശിവസേനയുടെ ഇപ്പോഴത്തെ നിലപാട്.