ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. ഇതുസംബന്ധിച്ച മുസ്‌ലിം ലീഗ് അടക്കമുള്ള ഹര്‍ജികളില്‍ കോടതി തീരുമാനമെടത്തില്ല. കേസ് ജനുവരി 22 ലേക്ക് മാറ്റി. അതേസമയം, കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി രണ്ടാം വാരത്തിനു മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് മറുപടി നല്‍കണം.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. നിയമം സ്റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. വളരെ ചുരുങ്ങിയ സമയം മാത്രമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി എടുത്തത്.
Read Also: ലാലേട്ടന്റെ കൈയ്‌ക്ക് എന്തുപറ്റി? ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
നിയമവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ അത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി അറ്റോർണി ജനറലിന് നിർദേശം നൽകിയിട്ടുണ്ട്. നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിൽനിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. “പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാറപോലെ ഉറച്ചുനില്‍ക്കുന്നു. പിന്നോട്ടുപോകുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. നിയമം നടപ്പാക്കും. പൗരത്വ ഭേദഗതി നിയമപരമായി നിലനില്‍ക്കുന്നതാണ്,” ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി ഒന്നുമില്ലെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. “അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ മാത്രമാണ് പൊലീസ് നടപടികളുണ്ടായിരിക്കുന്നത്. അല്ലാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഒന്നും പൗരത്വ ഭേദഗതി നിയമത്തിലില്ല. പൗരത്വ നിയമത്തെ കുറിച്ച് പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണ്. തലസ്ഥാനത്ത് സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്” അമിത് ഷാ പറഞ്ഞു.
Read Also: ജി എസ് ടി കൗൺസിൽ യോഗം ഇന്ന്; നിലവിലെ നിരക്കുകൾ മാറിയേക്കാം
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ വിവിധ ക്യാംപസുകളില്‍ പ്രതിഷേധം തുടരുകയാണ്. ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, വിദ്യാര്‍ഥികളുടെ പ്രതിഷേധം ജനാധിപത്യപരമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
“പഠിക്കുന്ന സ്ഥലത്തിന്റെ പ്രധാന്യം മനസിലാക്കണമെന്ന് ഞാന്‍ എല്ലാ വിദ്യാര്‍ഥികളോടും ആവശ്യപ്പെടുകയാണ്. സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ഉണ്ടാകണം. സര്‍ക്കാര്‍ നയങ്ങളില്‍ എന്തെങ്കിലും പിഴവുകളുണ്ടെന്ന് തോന്നിയാല്‍ അതിനെതിരെ പ്രതിഷേധിക്കണം. പക്ഷേ, പ്രതിഷേധങ്ങളെല്ലാം ജനാധിപത്യ രീതിയില്‍ ആയിരിക്കണമെന്ന് മാത്രം. നിങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ കേള്‍ക്കുന്നതുവരെ ഉയര്‍ത്തുക. എല്ലാവരുടെയും ശബ്ദങ്ങള്‍ കേള്‍ക്കുകയും എല്ലാവരുടെയും വികാരങ്ങള്‍ മനസിലാക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇത്,” നരേന്ദ്ര മോദി പറഞ്ഞു.