ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തിനു പുറത്തും. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ റജിസ്റ്റര്‍ എന്നിവയില്‍ പ്രതിഷേധിച്ച് യൂറോപ്പിലും അമേരിക്കയിലും ഇന്ത്യക്കാരുടെ പ്രകടനം.
രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ അലയടിക്കുന്നു. വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ റിപ്പബ്ലിക് ദിനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ഫെബ്രുവരി ഒന്നിന് ഇന്ത്യക്കാരുടെ പ്രതിഷേധം നടക്കുന്നുണ്ട്. ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് പ്രതിഷേധ പരിപാടികള്‍. വിദ്യാര്‍ഥികളും ഗവേഷണ വിദ്യാര്‍ഥികളുമാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുക. സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ നടക്കുന്നതായി ജനീവയിലെ ഒരു വിദ്യാര്‍ഥിനി പറഞ്ഞു.
Read Also: വീണ്ടും ഗംഗയെ വിളിച്ച് നകുലൻ; ‘വരനെ ആവശ്യമുണ്ട്’ ടീസർ
റിപ്പബ്ലിക് ദിനമായ ഇന്ന് ഉത്തർപ്രദേശിൽ സ്ത്രീകളടക്കം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു. സമാജ് വാദി പാർട്ടി എംപി ശാഫിക്കർ റഹ്മാൻ ബാർഖിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിങ്ങൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാജ്യം 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം ലംഘിച്ച്, ഈ വർഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ദേശീയ യുദ്ധസ്മാരകത്തിൽ നിന്നാണ് ആരംഭിച്ചത്. യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര പുഷ്പചക്രം സമർപ്പിച്ചു. പുഷ്പാർച്ചയ്ക്കുശേഷം പ്രധാനമന്ത്രി 90 മിനിറ്റ് നീണ്ടുനിൽക്കുന്ന റിപ്പബ്ലിക് ഡേ പരേഡിനായി രജ്പഥിലേക്ക് എത്തി. ബ്രസീലിയൻ പ്രസിഡന്റ് ജെയ്ര് ബോല്‍സൊനാരോ ആയിരുന്നു പരേഡിലെ മുഖ്യാതിഥി. വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ 22 ടാബ്ലോകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു.