കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ പ്രതിഷേധം. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍കറെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ തടഞ്ഞു. യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാന ചടങ്ങിനു എത്തിയതായിരുന്നു ഗവര്‍ണര്‍. വാഹനം തടഞ്ഞ വിദ്യാര്‍ഥികള്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചു. നേരത്തെയും വിദ്യാര്‍ഥികള്‍ ഗവര്‍ണറെ തടഞ്ഞ് പ്രതിഷേധം അറിയിച്ചിരുന്നു. പശ്ചിമ ബഗാളില്‍ തൃണമൂല്‍ സര്‍ക്കാര്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പമാണ്. പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പിലാക്കില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പറഞ്ഞത്.

Read Also: Happy Christmas 2019, Wishes: പ്രിയപ്പെട്ടവർക്ക് ക്രിസ്‌മസ് ആശംസകൾ നേരാം

അതേസമയം, ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് യോജിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്‌തിരിക്കുകയാണ് മമത ബാനർജി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഇനിയും ശക്തമാക്കാനാണ് മമതയുടെ തീരുമാനം. ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് മമത ബാനർജി കത്തെഴുതിയത്. മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാർട്ടികളിലെ മറ്റ് മുതിർന്ന നേതാക്കളും ചേർന്ന് രാജ്യത്തെ രക്ഷിക്കാനുള്ള​ പദ്ധതികൾ ആവിഷ്കരിക്കാൻ കത്തിൽ മമത ആവശ്യപ്പെടുന്നു.

ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയാകുന്നതോടെ രാജ്യത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ എണ്ണം വർധിക്കുമെന്നതിനാൽ മമതയുടെ കത്തിന് കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. സെന്റ് സേവ്യർ കോളേജിൽ നടന്ന ഒരു ക്രിസ്മസ് ചടങ്ങിൽ സംസാരിക്കവെ ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അതിനാൽ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും മമത ബാനർജി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ ഗൗരവമുള്ളതാണെന്നും എല്ലാ പ്രതിപക്ഷ പാർട്ടികളും ഭരണകൂട ഭീകരതെയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടാനും മമത കത്തിൽ പറയുന്നു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, എൻസിപി മേധാവി ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയവർക്കാണ് കത്ത് അയച്ചതെന്ന് തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Read Also: ഒരു രാഷ്ട്രീയ നേതാവിന്റെ റോൾ ചെയ്യുമോ? മഞ്ജു വാര്യർ പറയുന്നു

“ഇന്ന്, മനസ്സിൽ വല്ലാത്ത ആശങ്കകളോടെയാണ് ഞാൻ നിങ്ങൾക്ക് ഈ എഴുതുന്നത്. ജാതിയ്ക്കും മതത്തുനും ഉപരി ഈ രാജ്യത്തെ പൗരന്മാർ, പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, കൃഷിക്കാർ, തൊഴിലാളികൾ, പട്ടികജാതി അംഗങ്ങൾ, പട്ടികവർഗക്കാർ, ഒബിസികൾ, ന്യൂനപക്ഷങ്ങൾ എന്നിവർ ഇന്ന് ഭയത്തിന്റെയും പരിഭ്രാന്തിയുടെയും പിടിയിലാണ്. സ്ഥിതി ഗുരുതരമാണ്,” മമത ബാനർജിയുടെ കത്തിൽ പറയുന്നു.

“ഇന്ന്, ഈ ക്രൂരമായ ഭരണകൂടത്തിനെതിരെ നാം ഉയർന്നുവരേണ്ടതുണ്ട്. എല്ലാ മുതിർന്ന നേതാക്കളോടും എല്ലാ രാഷ്ട്രീയ സംഘടനകളോടും ഇതിനെതിരെ യോജിച്ച് ഐക്യത്തോടെ നിലകൊള്ളാൻ ഞാൻ ആത്മാർത്ഥമായും സത്യസന്ധമായും അഭ്യർത്ഥിക്കുന്നു. കേന്ദ്രത്തിന്റെ ഈ അവിശുദ്ധ ശ്രമങ്ങളോട് നമുക്ക് സമാധാനപരവും അർത്ഥവത്തായതുമായ എതിർപ്പ് സൃഷ്ടിക്കാം,” അവർ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook