ന്യൂഡല്‍ഹി: പൗരത്വ നിയമത്തില്‍ ഇന്ത്യയില്‍ പ്രതിഷേധം ശക്തം. അസമിലെയും മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി മാറ്റിവച്ചു. ഡിസംബര്‍ 15 മുതല്‍ 17 വരെ ഗുവാഹത്തിയില്‍ നടക്കേണ്ട ഉച്ചകോടിയാണ് തല്‍ക്കാലത്തേക്ക് മാറ്റിവച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും സംയുക്തമായാണ് തീരുമാനമെടുത്തത്.
അസമിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഉച്ചകോടി ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന് വിദേശകാര്യമന്ത്രാലയവും തീരുമാനിച്ചു. ഗുവാഹത്തിയില്‍ പ്രതിഷേധത്തെ തുടർന്നുണ്ടായ പൊലീസ് വെടിവയ്‌പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
Read Also: അനിയാ!; കോഹ്‌ലിയുടെ സിക്‌സർ കണ്ട് ഡിവില്ലിയേഴ്‌സ് പറഞ്ഞത്
ഉച്ചകോടിക്കായി ഇന്ത്യയിലെത്തുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിനോ ആബെയ്ക്ക് സ്വാഗതം ആശംസിച്ച് ഗുവാഹത്തിയില്‍ സ്ഥാപിച്ച വലിയ ഫ്‌ളക്‌സ് ബോര്‍ഡ് പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. സ്ഥിതിഗതികള്‍ ശാന്തമായ ശേഷം ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി നടത്തുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
അസം പ്രതിഷേധത്തെ തുടർന്ന് ബംഗ്ലാദേശിലെ മന്ത്രിമാർ ഇന്ത്യ യാത്ര നേരത്തെ റദ്ദാക്കിയിരുന്നു. പാർലമെന്റ് പൗരത്വ (ഭേദഗതി) ബിൽ പാസാക്കിയതിന് തൊട്ടുപിന്നാലെ ബംഗ്ലാദേശിലെ വിദേശകാര്യ മന്ത്രി എ.കെ.അബ്ദുൾ മോമെൻ, ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ എന്നിവരും ഇന്ത്യ സന്ദർശനം റദ്ദാക്കിയിരുന്നു. ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തെ ദുർബലപ്പെടുത്താൻ പൗരത്വ (ഭേദഗതി) നിയമത്തിനു കഴിയുമെന്ന് മോമെൻ ആശങ്ക പ്രകടിപ്പിച്ചു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ മതപരമായ പീഡനങ്ങൾ നേരിടുന്നുവെന്ന അമിത് ഷായുടെ ആരോപണം അദ്ദേഹം നിരസിക്കുകയും ചെയ്തു. ഡിസംബർ 12 മുതൽ 14 വരെ മൂന്നുദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച വൈകീട്ട് ഇന്ത്യയിലെത്തേണ്ടതായിരുന്നു മോമെൻ.
Read Also: ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല: വിവാഹദിനത്തിലെ ചിത്രം പങ്കു വച്ച് പ്രിയദര്‍ശന്‍
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ ശക്തമായാണ് എ.കെ.അബ്ദുള്‍ മോമെൻ പ്രതികരിച്ചത്. “അമിത് ഷായുടെ ആരോപണം തികച്ചും അസത്യമാണ്. അത്തരത്തിലൊരു വിവരം ആരു നല്‍കിയാലും ശരിയല്ല. ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറയുന്നതില്‍ യാതൊരു വാസ്തവവുമില്ല” എന്നായിരുന്നു മോമെന്റെ പ്രതികരണം.