ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ തള്ളി ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷമാണ് ഇതിനെല്ലാം കാരണമെന്ന് ഷാ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നുണപ്രചരണം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം ഇല്ലാതാക്കാന്‍ അല്ല, പൗരത്വം നല്‍കാനാണ്. പ്രതിപക്ഷത്തിന് മറ്റൊരു കുറ്റവും കണ്ടെത്താന്‍ ഇല്ലാത്തതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിപക്ഷം തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
Read Also: അച്ഛനോട് ഡൈ ചെയ്യാൻ പറഞ്ഞപ്പോൾ കിട്ടിയ മറുപടി; ഗായത്രി അരുൺ പറയുന്നു
അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതാണ് നിയമം. അല്ലാതെ, ആരുടെയും പൗരത്വം നഷ്‌ടപ്പെടുത്തുന്നതല്ല. ജനങ്ങളെ സത്യം അറിയിക്കാനാണ് ഞങ്ങൾ അധികാരത്തിലിരിക്കുന്നത്. പൗരത്വ നിയമം വഴി ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് ബിജെപി പ്രവർത്തകർ ഓരോ വീടുകൾ തോറും കയറിയിറങ്ങി ബോധവത്‌കരണം നൽകണം. ബിജെപിയുടെ പ്രചരണം കഴിയുമ്പോൾ പൗരത്വ നിയമത്തെ കുറിച്ച് രാജ്യത്തെ എല്ലാ ജനങ്ങൾക്കും ബോധ്യമാകുമെന്നും അമിത് ഷാ ഗുജറാത്തിൽ പറഞ്ഞു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. നിയമത്തെ എതിർക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തിനെതിരായ നിയമം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.