ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ഒരുതരത്തിലും മൗലികാവകാശങ്ങളെ ലംഘിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പൗരത്വവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിന് അധികാരം ഉണ്ടെന്നും ഈ അധികാരം കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. 129 പേജുകളുള്ള സത്യവാങ്‌മൂലമാണ് കേന്ദ്രം കോടതിയിൽ നൽകിയത്. ഭരണഘടനാ ധാർമികതയെ പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്യുന്നില്ലെന്നും കേന്ദ്രം നിലപാടെടുത്തു.
അയല്‍ രാജ്യങ്ങളില്‍ മതപീഡനം അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഏതാണ് എന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്റിനു അധികാരമുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍ ബി.സി.ജോഷി ഫയല്‍ ചെയ്‌ത സത്യവാങ്‌മൂലത്തിൽ പറയുന്നു.
Read Also: രജിത് കുമാറിനു സ്വീകരണം നൽകിയത് ഗുരുതര തെറ്റ്, ഒരു സന്ദേശവും നൽകുന്നില്ല: കെ.കെ.ശെെലജ
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനു മുൻപ് രാജ്യത്തെ പൗരനുണ്ടായിരുന്ന അവകാശങ്ങളെല്ലാം നിയമം നടപ്പിലാക്കിയ ശേഷവും അതേപടിയുണ്ട്. ഏതെങ്കിലും വിധത്തിൽ ഇന്ത്യൻ പൗരൻമാരുടെ ജനാധിപത്യപരമോ മതേതരമോ ആയ അവകാശങ്ങളെ പൗരത്വ ഭേദഗതി നിയമം ബാധിക്കുന്നില്ല എന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് ഉള്‍പ്പടെ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജികളില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്‌മൂലം ഫയല്‍ ചെയ്തത്.
പൗരത്വ ഭേദഗതി നിയമത്തിൽ നിന്നു പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‌ലിം വിരുദ്ധമായി ഒന്നുമില്ലെന്നും പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നുമാണ് ലോക്‌സഭയിൽ അമിത് ഷാ പറഞ്ഞത്.