ന്യൂഡൽഹി: ശക്തമായ പ്രതിഷേധങ്ങൾ അവഗണിച്ചുകൊണ്ട് കേന്ദ്രസർക്കാർ പൗരത്വ നിയമത്തിൽ വിജ്ഞാപനമിറക്കി. നിയമം നിലവിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

ജനുവരി 10 വെള്ളിയാഴ്ചയാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. പ്രസ്തുത തിയതി മുതൽ നിയമം നിലവിൽ വന്നതായി വിജ്ഞാപനത്തിൽ പറയുന്നു. സുപ്രീം കോടതിയിലെ ഹർജികൾ തീർപ്പാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിയമോപദേശം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു.

Read More: പൗരത്വ ഭേദഗതി നിയമ രൂപീകരണം: സംസ്ഥാനങ്ങളുമായി ചർച്ചയുണ്ടാകില്ല

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങൾ വ്യക്തമാക്കിയ സാഹചര്യത്തിലും നിയമം നടപ്പിലാക്കാൻ ഉറച്ച തീരുമാനവുമായി കേന്ദ്രം മുന്നോട്ട് തന്നെയാണ്. നിയമ രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്ക് ആഭ്യന്തര മന്ത്രാലയം മുതിരില്ല എന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ചില ഹരജികളിൽ തീർപ്പാകുന്നതു വരെ മന്ത്രാലയം കാത്തിരിക്കുന്നില്ലെന്നും ഈ നിയമം നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ നേരത്തേ വ്യക്തമാക്കിയിരുന്നു.

കേരളം, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ബിജെപി ഇതര സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിൽ പുതിയ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സി‌എ‌എ നടപ്പാക്കുന്നത് കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്ന് വിഷയമായതിനാൽ സംസ്ഥാനങ്ങൾ അത് നിഷേധിക്കാനാകില്ലെന്നും മന്ത്രാലയത്തിലെ വൃത്തങ്ങൾ പറഞ്ഞു. സി‌എ‌എ നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങൾ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ചെറുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook