ന്യൂഡൽഹി: സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടെ ശക്തിയെന്ന് ലോകം തിരിച്ചറിഞ്ഞതാണെന്ന് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ആ ശക്തിയെ നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കി മോദി തകർത്തെന്നും അതിനെക്കുറിച്ച് വാ തുറക്കാൻ പോലും മോദി തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിച്ച് വിദ്വേഷം പരത്തുന്നതാണ് മോദിയുടെ ജോലിയെന്നും രാഹുൽ ആരോപിച്ചു. അസമിലെ റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ആഞ്ഞടിച്ചത്.

ബിജെപി എവിടെ പോയാലും വിദ്വേഷം പരത്തും. അസമിൽ യുവാക്കൾ പ്രതിഷേധത്തിലാണ്. മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധം തുടരുന്നു. എന്തുകൊണ്ടാണ് നിങ്ങൾ അവരെ വെടിവെച്ച് കൊല്ലുന്നത്? ബിജെപിക്ക് ജനങ്ങളുടെ ശബ്ദം കേൾക്കാൻ താൽപര്യമില്ല. പൗരത്വ​ ഭേദഗതി നിയമവും എൻആർസിയും നോട്ട്​ നിരോധനത്തിന്‍റെ രണ്ടാം ഭാഗമാണ്​. പാവപ്പെട്ടവരോടാകും അവർ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുക. അവരെയാണ്​ ഇത്​ ഏറ്റവും കൂടുതൽ ബാധിക്കുക, രാഹുൽ പറഞ്ഞു.

Also Read: ബിജെപി പൊലീസിനെയും വർഗീയവൽക്കരിച്ചു; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ബിജെപി സർക്കാരിന്റെ നയങ്ങൾ അസമിനെയും മറ്റ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളെയും വീണ്ടും അക്രമണത്തിന്റെ പാതയിലേക്ക് തള്ളിയിടുകയാണെന്നും രാഹുൽ പറഞ്ഞു. അസമിന്റെയും വടക്കു കിഴക്കൻ പ്രദേശങ്ങളുടെയും സംസ്കാരത്തിന് നേരെയും ഭാഷയ്ക്ക് നേരെയും ബിജെപി നടത്തുന്ന ആക്രമണങ്ങളെ എതിർക്കുമെന്നും രാഹുൽ വ്യക്തമാക്കി.

“അസമിലെ സമാധാനത്തിന്റെ അടിത്തറയായിരുന്നു അസം കരാർ. അസം കരാറിന്റെ ചൈതന്യം തകർക്കരുത്. വിദ്വേഷവും അക്രമവും കൊണ്ട് അസമിന് ഒരിക്കലും മുന്നേറാൻ കഴിയില്ല. എല്ലാവരും ഒത്തുചേർന്ന് സംസ്ഥാനത്തിന്റെ സംസ്കാരം, ഭാഷ, സ്വത്വം, ചരിത്രം എന്നിവ ആക്രമിക്കാൻ കഴിയില്ലെന്ന് ബിജെപി നേതാക്കളോട് പറയണം. നാഗ്പൂരിലിരുന്ന് അസമിനെ നിയന്ത്രിക്കണ്ട.” രാഹുൽ ഗാന്ധി പറഞ്ഞു.

Also Read: ഓരോ കലാപകാരിയും ഭയന്ന് നിശബ്ദരായി; അടിച്ചമർത്തലിനെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

അതേസമയം പോലീസ് സേനയെ വർഗീയവൽക്കരിക്കാനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാൻ മീററ്റ് എസ്പി അഖിലേഷ് എൻ സിങ് പറയുന്നതിന്റെ വീഡിയോ പങ്കുവച്ചാണ് പ്രിയങ്ക ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വിമർശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook