ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമം മുസ്‌ലിങ്ങൾക്കെതിരാണെന്ന് സ്ഥാപിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിയമ ഭേദഗതി ആരുടെയെങ്കിലും പൗരത്വം ഇല്ലാതാക്കുമെന്ന് തെളിവ് സഹിതം കാണിക്കാന്‍ രാഹുല്‍ ഗാന്ധിയെ താന്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷിംലയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

“കോണ്‍ഗ്രസും കൂട്ടാളികളും ചേര്‍ന്ന് അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെയും മുസ്‌ലിങ്ങളുടെയും പൗരത്വം നഷ്ടപ്പെടുമെന്ന് അവര്‍ പറയുന്നു. എന്നാല്‍, അത് വാസ്തവമല്ല. ആരുടെയെങ്കിലും പൗരത്വം ഇതിലൂടെ നഷ്ടപ്പെടുമെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഞാന്‍ വെല്ലുവിളിക്കുന്നു,” അമിത് ഷാ പറഞ്ഞു.

Read Also: കേരളത്തിൽ തടങ്കൽ പാളയങ്ങൾ ഇല്ല; മുൻ സർക്കാരുകൾ തുടങ്ങിവച്ച നടപടികൾ നിർത്തിവച്ച് എൽഡിഎഫ് സർക്കാർ

“സോണിയ-മന്‍മോഹന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പത്ത് വര്‍ഷം ഇവിടെ ഭരിച്ചു. അപ്പോഴെല്ലാം പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് ദിനംപ്രതി നുഴഞ്ഞുകയറുകയായിരുന്നു. അവര്‍ നമ്മുടെ സൈനികരുടെ തലയെടുത്തു. എന്നാല്‍, രാജ്യത്തെ പ്രധാനമന്ത്രി അതിനെതിരെ ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല,” അമിത് ഷാ കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പ്രതിപക്ഷം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നു അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡല്‍ഹിയിലെ അക്രമങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ”കോണ്‍ഗ്രസ് നയിക്കുന്ന ടുക്‌ഡെ-ടുക്‌ഡെ ഗാങ്ങാ(ഭിന്നിപ്പ് സംഘം)ണു ഡല്‍ഹിയിലെ സമാധാനാന്തരീക്ഷം നശിപ്പിക്കുന്നതിന്റെ ഉത്തരവാദികള്‍. ഇവരെ ശിക്ഷിക്കാനുള്ള സമയം വന്നിരിക്കുകയാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ അതു ചെയ്യണം,”മന്ത്രി അമിത് ഷാ പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook