ന്യൂഡല്‍ഹി: സുപ്രീം കോടതിക്ക് മുന്നില്‍ അസാധാരണ പ്രതിഷേധം. ഇന്നലെ രാത്രിയായിരുന്നു പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സുപ്രീം കോടതിക്ക് മുന്നില്‍ സ്ത്രീകള്‍ ഒത്തുകൂടിയത്. രാത്രി പതിനൊന്ന് മണിയോടെയാണ് പ്രതിഷേധം അരങ്ങേറിയത്. അമ്പതിലേറെ സ്ത്രീകൾ സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഭഗവൻ റോഡിന് മുന്നിൽ കുത്തിയിരുന്ന പ്രതിഷേധക്കാരെ പൊലീസ് നീക്കി. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. പിൻജ്ര ടോഡ് എന്ന ആക്‌ടിവിസ്റ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Read Also: Horoscope Today January 22, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അതേസമയം, പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് 135 ഓളം ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു കേസിൽ ഇത്രയും അധികം ഹര്‍ജികൾ വരുന്നത്. കേരള സർക്കാർ നൽകിയ സ്യൂട്ട് ഹർജി ഇന്ന് പരിഗണിക്കില്ല. സ്യൂട്ട് ഹർജിയായതിനാൽ അത് പ്രത്യേകം പരിഗണിക്കാനാണ് സാധ്യത.

Read Also: ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്‌ത്തി

മുസ്‌ലിം ലീഗ്, സിപിഐ, രമേശ് ചെന്നിത്തല തുടങ്ങിയവർ നൽകിയ ഹർജികളെല്ലാം ഇന്ന് പരിഗണിക്കും. ഹര്‍ജികളില്‍ കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിന് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സമയം നീട്ടികിട്ടാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ സത്യവാങ്‌മൂലം നൽകാത്തതെന്നാണ് സൂചന. അധികം സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അത് അംഗീകരിച്ചെന്നു വരാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook