ന്യൂഡല്‍ഹി: ആയുധങ്ങളില്ലാതെ സംഘടിക്കുകയെന്നത് പൗരന്റെ മൗലിക അവകാശമാണെന്ന് കോടതി. 2012 ഓഗസ്റ്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു പുറത്ത് പ്രകടനം നടത്തിയതിനു അറസ്റ്റിലായ ഏഴ് ‘ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍’ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഡല്‍ഹി കോടതിയുടെ നിരീക്ഷണം. അനില്‍ കുമാര്‍ സിങ്, രഞ്ജിത്ത് സിങ് ബിസ്ത്, കിഷോര്‍ സിന്ഘല്‍, ഗൗതം കുമാര്‍, മോഹിത്, ജഗ്ധീഷ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് അഡീഷണല്‍ മെട്രോപൊളിറ്റിയന്‍ മജിസ്ട്രേറ്റ് സമര്‍ വിശാല്‍ പരിഗണിച്ചത്.

“ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അവരുടെ മൗലിക അവകാശമാണ്.” പൊതുമുതലിന് നാശ നഷ്ടങ്ങളോ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കുകളോ സംഭവിക്കാത്ത പ്രകടനം സമാധാനപരമായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു.

ഐപിസി 144 രേഖപ്പെടുത്തിയ കേസില്‍, പ്രതിഷേധക്കാരുടെ പക്കല്‍ ആയുധങ്ങള്‍ ഇല്ലാതിരുന്നതിനാലും അവര്‍ക്ക് കുറ്റകരമായ ലക്ഷ്യങ്ങള്‍ ഉള്ളതായി കണ്ടെത്താന്‍ സാധിക്കാത്തതിനാലും അവരെ വിട്ടയയ്ക്കുകയായിരുന്നു. “സെഷന്‍ 188 അനുസരിച്ച് കുറ്റാരോപിതര്‍ തെറ്റ് ചെയ്തു എന്ന് തെളിയാത്തതിനാല്‍ സെഷന്‍ 144 സിആര്‍പിസി നിലനില്‍ക്കുന്നതല്ല. അതിനാല്‍ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്ന നിയമലംഘനങ്ങള്‍ ഇവര്‍ നടത്തിയതായി പറയാന്‍ സാധിക്കില്ല.” ജഡ്ജി വിലയിരുത്തി.

പ്രോസിക്യൂഷന്‍ വാദമനുസരിച്ച് 2012 ഓഗസ്റ്റ്‌ 26നു ഉച്ചയ്ക്ക് മുപ്പതോളം പ്രകടനക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ സമ്മേളിക്കുകയായിരുന്നു. 144 സിആര്‍പിസി ചുമത്തിയെന്ന മുന്നറിയിപ്പും മറികടന്നുകൊണ്ട് അവര്‍ മുന്നോട്ട് പോയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്

പൊതു സേവകരെ തടയല്‍, ജോലിയില്‍ തടസം സൃഷ്ടിക്കല്‍, കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കല്‍, ഉത്തരവുകള്‍ ലംഘിക്കല്‍ എന്നീ കുറ്റങ്ങളാണ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ചാര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നടത്തിയ പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ആക്രമണ സ്വഭാവമുളളതല്ല എന്നാണ് കുറ്റാരോപിതര്‍ ഒപ്പിട്ട അപേക്ഷയില്‍ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ