ന്യൂഡല്‍ഹി : ഒരു പൗരനും സ്വന്തം ശരീരത്തില്‍ പൂര്‍ണ അധികാരം ഇല്ല എന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. ആദായ നികുതിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത്തിനെതിരായുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുല്‍ രോഹ്താഗി ഈ വാദം ഉയര്‍ത്തിയത്.
അവയവങ്ങളുടെ കൈമാറ്റത്തിലുള്ള നിയന്ത്രണവും ഇരുപത് ആഴ്ച്ചയ്ക്ക് ശേഷം ഗര്‍ഭച്ഛിദ്രത്തിനുള്ള നിയമതടസ്സവും മദ്യപിച്ചു വാഹനമോടിക്കുന്നതിലുള്ള നിയന്ത്രണവും അതിനുദാഹരണമാണെന്ന് രോഹ്താഗി കോടതിയെ ചൂണ്ടിക്കാണിച്ചു.

“രാജ്യം ഒരു കോര്‍പറേഷന്‍ ആണ്. വ്യക്തികള്‍ അതിലെ അംഗങ്ങളും. ക്രമസമാധാനപരവും ശാന്തവും സ്വാസ്ഥ്യമുള്ളതുമായ ഒരു ജീവിതം പ്രദാനം ചെയ്യാന്‍ ഭരണകൂടത്തിന്‍റെ കൂട്ടായ ശക്തി ഉപയോഗിക്കുന്നതില്‍ തെറ്റില്ല” എന്നായിരുന്നു അറ്റോണി ജനറൽ പറഞ്ഞു.രാഷ്ട്രീയ തത്വചിന്തകനായ റൂസോയെ ഉദ്ധരിച്ചുകൊണ്ടാണ് അറ്റോണി ജനറല്‍ ഈ വാദമുയർത്തിയത്.

ജസ്റ്റിസ് എ കെ സിക്രിയും അശോക്‌ ഭൂഷനും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പൗരന്റെ ബയോമെട്രിക് വിവരങ്ങള്‍ നിയമപരമായി അനുവദനീയമാണ് എന്നു കോടതിയെ ഓര്‍മിപ്പിച്ച രോഹ്താഗി, ” നമ്മള്‍ ഒരു ചെകുത്താനോടല്ല. മറിച്ച് കൂടുതല്‍ ക്രമമായ ജീവിതം നല്‍കുന്ന ഒന്നിനോടാണ് ഇടപെടുന്നത്” എന്നു പറഞ്ഞു.

ഒരു ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനായ ഒരാളുടെ രക്ത സാമ്പിളും വിരലടയാളവും പരിശോധിക്കാന്‍ അനുവാദം വേണ്ട എന്നതുപോലെ തന്നെ നികുതി വെട്ടിക്കുന്നവരെയും കള്ളപണക്കാരെയും നിയന്ത്രിക്കാന്‍ ആധാര്‍ ഉപയോഗപ്പെടുത്താം എന്നും അറ്റോണി ജനറല്‍ വാദിച്ചു.

ആധാറിനോടുള്ള വെല്ലുവിളികള്‍ സങ്കുചിത മനസ്സോടു കൂടിയാണ് എന്ന് പറഞ്ഞ അറ്റോണി ജനറല്‍. ജനങ്ങള്‍ മുഖമില്ലാത്തവരായി അറിയപ്പെടാനല്ല തിരിച്ചറിയാന്‍ ആഗ്രഹിക്കപ്പെടുന്നവരാണ് എന്നും നിരീക്ഷിച്ചു. നിയമം ഒരിക്കലും ഒരു പൗരനു സ്വന്തം ശരീരത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നില്ല.” ഒരാള്‍ക്കും ആത്മഹത്യ ചെയ്യുവാനോ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുവാനോ ലഹരിവസ്തുകള്‍ ഉപയോഗിക്കാനോ ഉള്ള നിയമപരമായ അവകാശം നല്‍കുന്നില്ല” മുകുള്‍ രോഹ്താഗി പറയുന്നു.

ജാര്‍ഖണ്ഡ് സര്‍ക്കാരിന്‍റെ വെബ്സൈറ്റില്‍ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെട്ടതു ചൂണ്ടിക്കാണിച്ചപ്പോള്‍ “അത് കേന്ദ്രസര്‍ക്കാറിന്‍റെ ഭാഗത്തുനിന്നല്ല ജാര്‍ഖണ്ഡ് സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നാണ് ചോര്‍ന്നത്” എന്നായിരുന്നു  മറുപടി.

ആദായ നികുതിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്തിനെതിരെ സിപിഐ നേതാവ് ബിനോയ്‌ വിശ്വം നാല്‍കിയ പൊതുതാത്പര്യ ഹർജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. നാളെയും കേസിന്‍റെ വാദം തുടരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ