ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് 2019 ൽ നടക്കാനിരിക്കെ, ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെതിരെ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് കാട്ടി സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. നാഷണൽ സെക്യൂരിറ്റി ഗാർഡിലെ ബ്ലാക് ക്യാറ്റ്സ് സുരക്ഷയാണ് ഏർപ്പെടുത്തുന്നത്.
ഇപ്പോൾ തന്നെ Z+ കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിന് നൽകി വരുന്നത്. 60 ഓളം സിഐഎസ്എഫ് ജീവനക്കാരാണ് ദിവസം മുഴുവനും ആർഎസ്എസ് തലവന് സുരക്ഷയൊരുക്കുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകൾക്കിടെ മോഹൻ ഭാഗവതിന്റെ സുരക്ഷയിൽ പാളിച്ചയുണ്ടായിരുന്നു.
അൽ-ഖയ്ദയുടെ ഇന്ത്യൻ ഘടകം, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ഭീകര സംഘടനകളിൽ നിന്ന് മോഹൻ ഭാഗവതിന് ഭീഷണിയുണ്ടെന്നാണ് കേന്ദ്ര സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട്. ഈയിടെ പത്ത് ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം.
പാക് ചാര സംഘടനയായ ഐഎസ്ഐ പഞ്ചാബിൽ ആർഎസ്എസ് പ്രവർത്തകരെ കൊലപ്പെടുത്താൻ തീരുമാനിച്ച കാര്യം സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ പുറത്തുകൊണ്ടുവരികയും സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തമിഴ്നാട് പൊലീസ് ഈയടുത്താണ് ആറ് പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായുളള ബന്ധത്തെ തുടർന്ന് അറസ്റ്റ് ചെയ്തത്.
അതേസമയം വിവിഐപി സുരക്ഷകൾക്ക് തങ്ങളെ ഉപയോഗിക്കുന്നതിൽ എൻഎസ്ജി കമ്മാന്റോകൾക്ക് കടുത്ത അതൃപ്തിയുണ്ട്. രാജ്യത്തെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ മാത്രമേ തങ്ങളെ ഉപയോഗിക്കാവൂ എന്നാണ് ഇവരുടെ ആവശ്യം.
രാജ്യത്തിപ്പോൾ 11 പേരാണ് ബ്ലാക് ക്യാറ്റ്സ് സുരക്ഷയുളള നേതാക്കൾ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, യുപി മുൻ മുഖ്യമന്ത്രിമാരായ മായാവതി, മുലായം സിങ് യാദവ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി, മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് എന്നിവർ ഈ പട്ടികയിലുണ്ട്.