ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ കള്ളപ്പണ നിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്ത് പറയാന്‍ പറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രഹസ്യ സ്വഭാവമുളളവയാണ് ഇതെന്ന കാരണം കാണിച്ചാണ് കളളപ്പണ വിവരം പുറത്ത് പറയാന്‍ കേന്ദ്രം വിസമ്മതിച്ചത്. ഇന്ത്യയും സ്വിറ്റ്സര്‍ലാന്റും കളളപ്പണ വിവരങ്ങള്‍ പരസ്പരം കൈമാറുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ധനമന്ത്രാലയം വിവരാവകാശ നിയമപ്രകാരമുളള ചോദ്യത്തിന് മറുപടി പറഞ്ഞത്.
‘സ്വിറ്റ്സര്‍ലാന്‍റ് നല്‍കിയ കളളപ്പണ കേസുകളിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന വ്യവസ്ഥ പ്രകാരമുളളതാണ്,’ ധനമന്ത്രാലയം മറുപടി പറഞ്ഞു. സ്വിസ് ബാങ്കുകളില്‍ കളളപ്പണമുളള സ്ഥാപനങ്ങള്‍, വ്യക്തികള്‍, ഇവരുടെ മേല്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ എന്നിവയുടെ വിവരങ്ങളാണ് കേന്ദ്രത്തോട് ആരാഞ്ഞത്. 2019 മുതല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും നടപടി സ്വീകരിക്കും എന്നാണ് കേന്ദ്രം മറുപടി നല്‍കുന്നത്.
സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ കള്ളപ്പണ നിക്ഷേപം 2018ല്‍ 50 % കൂടിയതോടെ നിക്ഷേപത്തിൽ ഇന്ത്യയുടെ സ്ഥാനം 73 ആയി ഉയർന്നിരുന്നു. 2017ല്‍ ഇന്ത്യ 88 -ാം സ്ഥാനത്തായിരുന്നു. ഏറ്റവും അധികം നിക്ഷേപം യു കെ യ്ക്കാണ്.
സ്വിസ് നാഷണൽ ബാങ്കിന്‍റെ (എസ് എൻ ബി) ഇന്ത്യൻ കള്ളപ്പണ നിക്ഷേപം 7000 കോടി രൂപയാണ്. പാകിസ്ഥാൻ ഇന്ത്യയേക്കാൾ ഒരു പടി മുമ്പിലാണ്, 72 -ാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തേക്കാൾ പാക് നിക്ഷേപം 21 % കുറഞ്ഞു.
ഈ ധനം സ്വിസ് ബാങ്കുകൾ ഇടപാടുകാർക്കു നൽകാനുള്ള തുക എന്ന് മാത്രമേ എസ് എൻ ബി വിവരിക്കുന്നുള്ളു, ഇതിൽ സ്വിറ്റസർലണ്ടിലെ സുരക്ഷിതമായ സംവിധാനത്തിൽ നിക്ഷേപിക്കപ്പെട്ട കള്ളപ്പണമാണോ എന്ന് നിർണയിക്കാൻ കഴിയില്ല. എന്നാൽ സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാർ അവരുടെ അനധികൃത സ്വത്തുക്കൾ വ്യാപകമായി കള്ളപ്പണമായി സൂക്ഷിക്കുകയാണെന്ന് മുമ്പ് പ്രതിപക്ഷത്തായിരിക്കെ ബിജെപി യും ഇപ്പോൾ പ്രതിപക്ഷത്തുള്ള കോൺഗ്രസ് ഉൾപ്പെടെ എല്ലാ പാർട്ടികളും നിരന്തരം ആരോപിക്കുന്നുണ്ട്.
ഇന്ത്യന്‍ നിക്ഷേപം ഇങ്ങനെ വര്‍ധിച്ചത് അതിശയകരമായിരിക്കയാണ്. 2016 ല്‍ നിക്ഷേപം ഇടിഞ്ഞ് 4,500 കോടി രൂപയായി ( 676 ഫ്രാങ്ക്) ആയി താഴ്ന്നിരുന്നു. ഇതില്‍ നിന്നാണ് കുത്തനെ ഉയര്‍ച്ചയുണ്ടായത്. യൂറോപ്യന്‍ യൂണിയന്‍ ഈ രേഖകള്‍ പരസ്യപ്പെടുത്താന്‍ തുടങ്ങിയ 1987ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരുന്നു (45 ശതമാനം) 2016 ല്‍ ഉണ്ടായത്. എസ്.എന്‍.ബി രേഖകള്‍ പ്രകാരം ഇന്ത്യക്കാര്‍ നേരിട്ട് സ്വിസ് ബാങ്കുകളില്‍ ഇട്ട നിക്ഷേപം 999 ദശ ലക്ഷം ഫ്രാങ്ക് (6,891 കോടി രൂപ) ആയി. ധന മാനേജര്‍മാര്‍ വഴിയുള്ള നിക്ഷേപം 16.2 ദശ ലക്ഷം ഫ്രാങ്കും (112 കോടി രൂപ). സ്വിസ് ബാങ്കുകളിലെ വിദേശനിക്ഷേപം കുറഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ നിക്ഷേപം കൂടിയിരിക്കുന്നത്. ആഭ്യന്തര നിക്ഷേപം 57.6 ബില്യണ്‍ ഫ്രാങ്ക് വര്‍ധിച്ച് 1,193.4 ബില്യണ്‍ ഫ്രാങ്കായപ്പോള്‍ വിദേശനിക്ഷേപത്തില്‍ 40.5 ബില്യണ്‍ ഫ്രാങ്കിന്റെ ഇടിവുണ്ടായി.
ഇപ്പോൾ ഇന്ത്യയും സ്വിസർലണ്ടും തമ്മിൽ ഓട്ടോമാറ്റിക് വിവരം നൽകൽ സംവിധാനം ആരംഭിച്ചിട്ടുണ്ട്, ഇത് പ്രകാരം സ്വിറ്റസർലണ്ടിലെ രഹസ്യ ഭിത്തികൾ തകരുമെന്നും ഈ നിക്ഷേപത്തിന്റെ വിവരങ്ങൾ പുറത്തു വരുമെന്നും കരുതപ്പെട്ടിരുന്നെങ്കിലും കേന്ദ്രം വിവരങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല.