ന്യൂഡൽഹി: സ്വച്ഛ ഭാരത് മിഷൻ മൂന്ന് വർഷം പൂർത്തിയാക്കാനൊരുങ്ങവേ, കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലെ 1137 പട്ടണങ്ങളെ ശുചിത്വ നഗരങ്ങളായി പ്രഖ്യാപിക്കും. പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയതോടെയാണ് കേരളം അടക്കം ആറ് നഗരങ്ങളിലെ മുഴുവൻ നഗരങ്ങളെയും ശുചിത്വ നഗരങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്.

മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര, ഝാർഖണ്ഡ്, കേരളം തെലങ്കാന എന്നിവിടങ്ങളിലെ നഗരങ്ങളാണ് പൂർണ്ണമായും ശുചിത്വ നഗരങ്ങളായി (Open Defecation Free) മാറുന്നത്. ഗുജറാത്തും ആന്ധ്രയും ഛത്തീസ്ഗഡും നേരത്തേ തന്നെ തങ്ങളുടെ പരിധിയിലെ 281 നഗരങ്ങളെ ശുചിത്വ നഗരങ്ങളായി പ്രഖ്യാപിച്ചിരുന്നു. ഇതടക്കം 1418 നഗരങ്ങളെ ഒക്ടോബർ രണ്ടിന് ശുചിത്വ നഗരങ്ങളായി ഔദ്യോഗികമായി പ്രഖ്യാപിക്കും.

സ്വച്ഛ് ഭാരത് മിഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം നഗര വികസനകാര്യ സെക്രട്ടറി ഡി.എസ്.മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്ര(384), മധ്യപ്രദേശ്(378), ഛത്തീസ്ഗഡ്(168), കേരളം (93), തെലങ്കാന (73), ഝാർഖണ്ഡ് (41) എന്നിങ്ങനെയാണ് ഓരോ സംസ്ഥാനത്തെയും നഗരങ്ങളുടെ എണ്ണം.

ഈ ആറ് സംസ്ഥാനങ്ങളിലുമായി 22,40,003 ശൗചാലയങ്ങളാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത്. ഗുജറാത്ത്,​ആന്ധ്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ മാത്രം 9.5 ലക്ഷം ശൗചാലയങ്ങൾ പണികഴിപ്പിച്ചിട്ടുണ്ട്. ഈ ഒൻപത് സംസ്ഥാനങ്ങളിലുമായി 31.95 ലക്ഷം ശൗചാലയങ്ങളാണ് സ്വച്ഛഭാരത് മിഷനിലൂടെ പണികഴിപ്പിക്കുന്നത്.

അതേസമയം ഗോവ, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, ഒഡിഷ, ജമ്മു കാശ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയ്ക്ക് പുറമേ കേന്ദ്രഭരണ പ്രദേശങ്ങളിൽ പദ്ധതി വളരെ സാവധാനമാണ് മുന്നോട്ട് പോകുന്നത്. പദ്ധതി പൂർത്തീകരണം വേഗത്തിലാക്കാൻ മിശ്ര, ഈ സംസ്ഥാനങ്ങളിലെ ഉദ്യഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ