തിരുച്ചിറപ്പിള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ 50 കിലോ സ്വര്‍ണം കവര്‍ന്നത് ആസൂത്രിതമായി. തിരുച്ചിറപ്പിള്ളിയിലെ ലളിത ജ്വല്ലറിയിലാണ് വന്‍ കവര്‍ച്ച നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക സൂചന. ജ്വല്ലറിയിലെ സിസിടിവിയില്‍ രണ്ട് പേര് കവര്‍ച്ച നടത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍, രണ്ടുപേരും മൃഗങ്ങളുടെ മുഖംമൂടി ധരിച്ചിട്ടുണ്ട്. ലളിത ജ്വല്ലറിയുടെ തിരുച്ചിറപ്പിള്ളി ചത്രം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ശാഖയിലാണ് കവര്‍ച്ച.
ഇന്ന് പുലര്‍ച്ചെ 2.10 നും 3.15 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് സൂചന. ജ്വല്ലറിയുടെ പിറകുവശത്തെ ചുമര് തുരന്നാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. ജ്വല്ലറിയുടെ പിറകുവശത്തെ ചുമരും തിരുച്ചിറപ്പിള്ളിയിലെ സ്കൂളിന്റെ ചുമരും ഒന്നുതന്നെയാണ്. കഴിഞ്ഞ ദിവസം സ്കൂള്‍ അവധിയായിരുന്നു. സ്കൂളിന്റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയിരുന്നു. സ്കൂള്‍ ഇല്ലാത്ത ദിവസമായതിനാല്‍ കവര്‍ച്ചാസംഘം അതൊരു അവസരമായി എടുത്തു. സ്കൂളില്‍ നിന്ന് ചുമര് തുളച്ചാണ് ജ്വല്ലറിയുടെ അകത്തേക്ക് പ്രവേശിച്ചത്.
ജ്വല്ലറിയുടെ ഒന്നാം നിലയില്‍ നിന്ന് മാത്രം 36 കോടി രൂപയോളം മൂല്യമുള്ള സ്വര്‍ണം കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഒന്നാം നിലയിലെ ഷോക്കേസുകളിലുണ്ടായിരുന്ന സ്വര്‍ണമെല്ലാം കവര്‍ന്നു. രാവിലെ ഒന്‍പതോടെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. സ്വര്‍ണ്ണത്തിനു പുറമേ വജ്രാഭരണങ്ങളും കവര്‍ച്ച പോയിട്ടുണ്ട്. ഏഴ് സംഘങ്ങളായാണ് പൊലീസ് മോഷ്ടാക്കള്‍ക്കായി അന്വേഷണം നടത്തുന്നത്.