/indian-express-malayalam/media/media_files/uploads/2023/01/Cinema-Theatre.jpg)
ന്യൂഡല്‍ഹി: പുറത്തുനിന്നു ഭക്ഷണപാനീയങ്ങള്‍ കൊണ്ടുവരുന്നതു നിയന്ത്രിക്കാന്‍ സിനിമാ തിയറ്റര്‍ ഉടമയ്ക്ക് അവകാശമുണ്ടെന്നു സുപ്രീം കോടതി. തിയറ്റര്‍ ഉടമയുടെ സ്വകാര്യ സ്വത്താണെന്നു കോടതി ചൂണ്ടിക്കാട്ടി. പൊതുതാല്‍പ്പര്യത്തിനോ സുരക്ഷയ്ക്കോ വിരുദ്ധമല്ലാത്ത അനുയോജ്യമായ നിബന്ധനകളും വ്യവസ്ഥകളും ഏര്‍പ്പെടുത്താന്‍ ഉടമയ്ക്ക് അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു.
''ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരുന്നതു നിയന്ത്രിക്കാന്‍ തിയറ്റര്‍ ഉടമയ്ക്ക് അവകാശമുണ്ട്. ലഭ്യമായവ കഴിക്കണമോ വേണ്ടയോ എന്നതു തികച്ചും പ്രേക്ഷകരുടെ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നു. വിനോദത്തിനായാണു പ്രേക്ഷകര്‍ തിയറ്ററിലെത്തുന്നത്,''ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹയും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
''തിയറ്ററില്‍ പ്രവേശിക്കുന്ന പ്രേക്ഷകര്‍ അതിന്റെ ഉടമ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ പാലിക്കണം. അതു നിശ്ചയമായും തിയറ്റര്‍ ഉടമയുടെ വാണിജ്യപരമായ തീരുമാനമാണ്,'' കോടതി പറഞ്ഞു.
മള്‍ട്ടിപ്ലക്‌സുകളിലും തിയറ്ററുകളിലും സ്വന്തം ഭക്ഷണപാനീയങ്ങള്‍ കൊണ്ടുപോകാന്‍ പ്രേക്ഷകരെ അനുവദിക്കണമെന്ന ജമ്മു കശ്മീര്‍ ഹൈക്കോടതി 2018ല്‍ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് തിയേറ്റര്‍ ഉടമകളും മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
തിയറ്ററില്‍ സ്വന്തം ഭക്ഷണമോ കുടിവെള്ളമോ കൊണ്ടുപോകുന്നതില്‍നിന്ന് പേക്ഷകരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രൂപീകരിച്ച ചട്ടങ്ങള്‍ വിലക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്.
എന്നാല്‍ ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ ഹൈക്കോടതി അധികാരപരിധി ലംഘിച്ചതായി സുപ്രീം കോടതി വിലയിരുത്തി. ''സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുമെന്നു തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കളോടൊപ്പം വരുന്ന കുഞ്ഞിനു ന്യായമായ അളവില്‍ ഭക്ഷണം നല്‍കുന്നതിനെ തിയറ്റര്‍ ഉടമകള്‍ എതിര്‍ക്കുന്നില്ല,'' കോടതി പറഞ്ഞു.
തിയറ്ററുകളുടെ പരിസരം പൊതുസ്വത്തല്ലെന്നും അവയിലേക്കുള്ള പ്രവേശനം സംബന്ധിച്ച നിയന്ത്രണം ഉടമയില്‍ നിക്ഷിപ്തമാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ വി വിശ്വനാഥന്‍ വാദിച്ചു. തിയറ്ററുകള്‍ക്കുള്ളില്‍നിന്നു ഭക്ഷണം വാങ്ങണമെന്നു നിര്‍ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിയറ്ററുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരുന്നതു സര്‍ക്കാര്‍ രൂപീകരിച്ച ചട്ടങ്ങള്‍ പ്രകാരം നിരോധിച്ചിട്ടില്ലെന്ന് അംഗീകരിച്ച സുപ്രീം കോടതി, എന്നാല്‍ നിബന്ധനകളും വ്യവസ്ഥകളും അറിയിച്ച് തന്റെ കച്ചവടം തുടരാന്‍ ഉടമയ്ക്ക് എല്ലാ അവകാശവുമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.