ഓള്‍ ഇന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മുംബൈയില്‍ കര്‍ഷകര്‍ നടത്തുന്ന ലോങ് മാര്‍ച്ചിന് പിന്തുണയുമായി സിനിമാ ലോകം. പ്രകാശ് രാജ്, മാധവന്‍, റിതേഷ് ദേശ്മുഖ് എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ കര്‍ഷക സമരത്തിന് പിന്തുണയറിയിച്ചു.

പൊള്ളിയ കാലുകളും കണ്ണില്‍ വിശപ്പുമായി, അഭിമാനത്തിനും അവകാശത്തിനും വേണ്ടി അവര്‍ നടക്കുകയാണെന്ന് പറഞ്ഞ പ്രകാശ് രാജ് നിങ്ങളുടെ നുണകളും പൊള്ളയായ വാഗ്ദാനങ്ങളുമാണ് പ്രക്ഷോഭത്തിന് കാരണമെന്നും പറയുന്നു.

ഒരു വലിയ മാറ്റത്തിന് വേണ്ടി നിങ്ങള്‍ മുന്നേറുകയെന്നെന്നു പറഞ്ഞ മാധവന്‍ മാര്‍ച്ചിന് ഹൃദയം നിറഞ്ഞ ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചിട്ടുണ്ട്.

തങ്ങളുടെ ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി 5000 കര്‍ഷകരാണ് 180 കിലോ മീറ്റര്‍ നടന്നെത്തിയിരിക്കുന്നത്. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കരുതെന്ന ഉറപ്പോടെയാണവര്‍ നടക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ബോളിവുഡ് താരം റിതേഷ് ദേശ്മുഖും കര്‍ഷക സമരത്തിനു പിന്തുണയറിയിച്ചു.

Read More : കര്‍ഷക പ്രക്ഷോഭം ചിത്രങ്ങളിലൂടെ

ആറ് ദിവസത്തെ കാല്‍നടയ്ക്ക് ശേഷം കിസാന്‍ സഭയുടെ കര്‍ഷക റാലി മുംബൈയിലെ ആസാദ് മൈതാനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കര്‍ഷകര്‍ ഇന്ന് നിയമസഭ വളയും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കര്‍ഷകര്‍ അല്‍പ്പസമയത്തിനകം കൂടിക്കാഴ്ച്ച നടത്തും.

ഇന്നലെ രാത്രി വിശ്രമം പോലുമില്ലാതെയായിരുന്നു കര്‍ഷകര്‍ മാര്‍ച്ച് തുടര്‍ന്നത്. ഇന്ന് നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്ക് തടസ്സമുണ്ടാകരുത് എന്നുള്ളതിനാലായിരുന്നു കിസാന്‍ സഭ രാത്രിയിലും മാര്‍ച്ചുമായി മുന്നോട്ട് പോയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു മാര്‍ച്ച് ആസാദ് മൈതാനത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook