വാഷിംഗ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പ്രശസ്ത കാര്‍ട്ടൂണായ ടോം ആന്റ് ജെറിയും ഹോളിവുഡ് ചിത്രങ്ങളും കാണാറുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. 2011ല്‍ ഭീകരനേതാവിനെ വധിക്കാനുളള നീക്കം നടത്തിയ അമേരിക്കന്‍ പ്രത്യേക സേന കണ്ടെടുത്ത കംപ്യൂട്ടറില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.

ലാദന്റെ കംപ്യൂട്ടറില്‍ കാര്‍ട്ടൂണുകളും, നിരവധി ഹോളിവുഡ് ചിത്രങ്ങളും, ലാദനെ കുറിച്ചുളള ഡോക്യുമെന്ററികളുമാണ് ഉളളത്. 2011 മെയ് രണ്ടിന് പാക്കിസ്ഥാനിലെ ആബട്ടാബാദിലെ ഒളിസങ്കേതത്തില്‍ നിന്ന് കണ്ടെടുത്ത കംപ്യൂട്ടറില്‍ 4,70,000 ഫയലുകളാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ കണ്ടെത്തിയത്. സിഐഎ ബുധനാഴ്ച്ച പുറത്തുവിട്ട രേഖകളില്‍ മിക്കതും ഡിജിറ്റല്‍ രൂപങ്ങളാണ്.
ലാദന്റെ ചിന്തകളും വിചാരങ്ങളും അടങ്ങുന്ന 200 പേജുളള ലേഖനം അടക്കം മകനായ ഹംസയുടെ ഇതുവരെ കാണാത്ത ദൃശ്യങ്ങളും കംപ്യൂട്ടറില്‍ നിന്നും കണ്ടെടുത്തു. നിരവധി വീഡിയോകള്‍ ഉണ്ടായിരുന്നവയില്‍ ആഗോള പ്രശസ്തി നേടിയ കാര്‍ട്ടൂണ്‍ ‘ടോം ആന്റ് ജെറി’യുടെ നിരവധി എപ്പിസോഡുകളും ഉണ്ടായിരുന്നു.

ലാദന്‍ തനിക്ക് വേണ്ടിയോ അതോ കുടുംബത്തിന് വേണ്ടിയാണോ ഇവ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമല്ല. സിഐഎ പുറത്തുവിട്ട വീഡിയോയില്‍ ലാദന്റെ മകന്‍ ഹംസയുടെ വിവാഹത്തിനിടെ എടുത്ത ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള ദൃശ്യങ്ങളും ഉണ്ട്. താടി ഇല്ലാതെ മീശ മാത്രമുളള ലാദന്റെ മകന്‍ പായയില്‍ ചമ്രം പടിഞ്ഞ് ഇരിക്കുന്നത് വീഡിയോയില്‍ കാണാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചുറ്റിലും ഭക്ഷണങ്ങളും നിരത്തിവെച്ചിരിക്കുന്നതും കാണാം. ദൃശ്യങ്ങളില്‍ ലാദന്‍ ഇല്ലെങ്കിലും ‘ചെറുക്കന്റെ പിതാവ് സന്തോഷവാനാണെന്ന്’ ചിലര്‍ പറയുന്നത് കേള്‍ക്കാം. വേള്‍ഡ് ട്രേഡ് സെന്റര്‍ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ നിരവധി ഡോക്യുമെന്ററികളും വീഡിയോകളും സിഐഎ പുറത്തുവിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ