തിരുവനന്തപുരം: ലോകത്തിന്‍റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുൽത്താമലയിൽ കുരിശുമരണം വരിച്ച യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍.
മഹാമാരിയുടെ ദുരിതകാലം ഉടൻ അവസാനിക്കുമെന്നും ലോകം പ്രത്യാശയിലേക്ക് ഉയർത്തെഴുന്നേൽക്കുമെന്നും വത്തിക്കാനിൽ ഈസ്റ്റർ ദിന സന്ദേശം നൽകിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ ദൈവ സന്ദേശം കേൾക്കാൻ ലോകം തയാറാകണമെന്ന് മാർപാപ്പ പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പ്രതിസന്ധികളെ ഒന്നിച്ചു മറികടക്കാനും മനുഷ്യന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇരുനൂറു പേർ മാത്രമാണ് വത്തിക്കാനിലെ ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തത്.
സ്നേഹത്തിന്റേയും പ്രത്യാശയുടേയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍. മനുഷ്യ തിന്മകൾ സ്വയം ഏറ്റെടുത്ത് യേശു അതിന്‍റെ പേരിൽ കുരിശിൽ തറക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ആ മഹാത്യാഗത്തിന്‍റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും തിരുകര്‍മ്മങ്ങളും നടന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ക്രൈസ്തവര്‍ പാതിരാകുര്‍ബാനയിലും പ്രാര്‍ത്ഥനകളിലും പങ്കാളികളായി.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചടങ്ങുകൾക്ക് മുഖ്യകാർമികനായി. ലൗകികമായ വിജയങ്ങൾക്കുവേണ്ടി പരക്കം പായുന്ന മനുഷ്യരെയാണ് ഇന്ന് നാം കൂടുതലായി കാണുന്നതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. പണം വേണം, പദവി വേണം, അധികാരം വേണം. അങ്ങനെ ജനമദ്ധ്യേ അധികാരം ഉപയോഗിക്കുന്നവനായി മാറണമെന്നുള്ള ചിന്ത എല്ലാ രംഗങ്ങളിലും ദൃശ്യമാണ്. സാധാരണക്കാരിലും ഉയർന്ന നിലവാരം പുലർത്തുന്നവരിലും ഈ പ്രവണതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.