ബല്ലിയ (ഉത്തർ പ്രദേശ്): ക്രിസ്ത്യൻ മിഷനറിമാർ രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്ന് ബിജെപി എംപി ഭാരത് സിങ്. കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ക്രിസ്ത്യൻ മിഷനറിമാരാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമ്മ സോണിയ ഗാന്ധി ഈ മിഷനറിമാരുടെ നിർദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിങ് പറഞ്ഞു.

രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ജനാധിപത്യം ദുർബലമാകാൻ കാരണം അവിടുത്തെ ജനങ്ങൾ ക്രിസ്ത്യൻ മതത്തിലേക്ക് മതപരിവർത്തനം നടത്തിയതിനാലാണെന്നും സിങ് ആരോപിച്ചു. അവിടുത്തെ ജനങ്ങളുടെ മതപരിവർത്തനത്തിന് പിന്നിൽ ക്രിസ്ത്യൻ മിഷനറിമാരാണ്. അവർ രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്നും സിങ് പറഞ്ഞു.

ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത രാഹുൽ ഗാന്ധി അതിൽ പശ്ചാത്തപിക്കേണ്ടി വരുമെന്നും സിങ് വിമശിച്ചു. കോൺഗ്രസിന് ജനാധിപത്യത്തിൽ വിശ്വാസമില്ല. ലോയയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് സുപ്രീം കോടതി നിലപാട് എടുത്തിട്ടും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ കേസിൽ കുടുക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഭരണഘടന ശിൽപി ബി.ആർ.അംബേദ്കറിന്റെ പ്രതിമ തകർക്കപ്പെട്ടപ്പോൾ അതിനു പിന്നിൽ ക്രിസ്ത്യൻ മിഷനറിമാരാണെന്ന് സിങ് അടുത്തിടെ ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook