ക്രൈസ്റ്റ് ചര്‍ച്ച്: തോക്കുമായി പള്ളിക്കുള്ളിലേക്ക് കടന്ന ആക്രമിയെ തടയാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള അഭയാര്‍ത്ഥിയായ അബ്ദുല്‍ അസീസിന്റെ കൈയ്യില്‍ ഒരു ആയുധം മാത്രമേ ഉണ്ടായിരുന്നൂള്ളൂ. കൈവശം വച്ച് ഉപയോഗിക്കാവുന്ന ഒരു ക്രെഡിറ്റ് കാര്‍ഡ് മിഷ്യന്‍ മാത്രം. അക്രമമുണ്ടായ രണ്ടാമത്തെ പള്ളിയായ ലിന്‍വുഡ് മസ്ജിദില്‍ കൊല്ലപ്പെട്ടത് ഏഴ് രോണ്. എന്നാല്‍ അസീസിന്റെ സമയോചിതമായ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ മരണസംഖ്യ ഇതിലും കൂടുതലായിരിക്കും. അക്രമിയെ തടഞ്ഞ അസീസിനെ തേടി എത്തുന്നത് അഭിനന്ദനപ്രവഹവും നന്ദിയുമാണ്.

”എനിക്ക് കൂടുതല്‍ ചിന്തിക്കാന്‍ സമയം കിട്ടിയില്ല.ചെയ്യാന്‍ തോന്നിയത് ചെയ്തു” തനിക്ക് നന്ദി പറയാനെത്തിയ പ്രദേശ വാസികളോടായി അസീസ് പറഞ്ഞു. അസീസും നാല് മക്കളും അക്രമമുണ്ടാകുമ്പോള്‍ പള്ളിയിലുണ്ടായിരുന്നു. പുറത്തു നിന്നും വെടിയൊച്ച കേട്ടതോടെയാണ് അസീസ് അക്രമത്തെ കുറിച്ച് അറിഞ്ഞത്. ആദ്യം കരുതിയത് ആരോ പടക്കം പൊട്ടിച്ചതാണെന്നായിരുന്നു. എന്നാല്‍ പിന്നീട് സംശയം തോന്നിയ അസീസ് കൈയ്യില്‍ കിട്ടിയ ചെറിയൊരു ക്രെഡിറ്റ് കാര്‍ഡ് മെഷ്യനുമായി പുറത്തേക്ക് ഓടുകയായിരുന്നു.

Read More: ന്യൂസിലാന്‍ഡ് ഭീകരാക്രമണം; മരിച്ചവരില്‍ മലയാളി യുവതി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍

പുറത്തെത്തിയ അസീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. തോക്കുമായി നില്‍ക്കുന്ന അക്രമിയെയാണ് അസീസ് കണ്ടത്. ”ആദ്യം അയാള്‍ നല്ലവനാണോ അതോ ചീത്തവനാണോ എന്ന് എനിക്ക് മനസിലായില്ല. പക്ഷെ അയാള്‍ അധിക്ഷേപം തുടങ്ങിയതോടെ അയാള്‍ നല്ലവനല്ലെന്ന് എനിക്കുറപ്പായി” അസീസ് പറയുന്നു.

അക്രമിക്കുന്ന ടെറന്റിനു നേരെ അസീസ് തന്റെ കൈയ്യിലുണ്ടായിരുന്ന മിഷ്യന്‍ വലിച്ചെറിഞ്ഞു. ഇതോടെ ടെറന്റ് അസീസിന് നേരെ തിരിഞ്ഞു. വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടാന്‍ അസീസ് കാറുകള്‍ക്കിടയില്‍ ഒളിച്ചു. ഇതിനിടെ മക്കളിലാരോ അകത്തേക്ക് വരാന്‍ പറയുന്നത് അസീസ് കേട്ടിരുന്നു.

ഇതിനിടെ ടെറന്റ് വലിച്ചെറിഞ്ഞ ഒരു ഷോട്ട് ഗണ്‍ അസീസ് കൈക്കലാക്കി. അതില്‍ ഉണ്ടയില്ലായിരുന്നു. അതുമായി അസീസ് അക്രമിയോട് അലറി, ”ഇവിടെ വാടാ”. തന്റെ മക്കളില്‍ നിന്നും മറ്റ് വിശ്വസികളില്‍ നിന്നും അക്രമിയുടെ ശ്രദ്ധ തെറ്റിക്കുകയായിരുന്നു അസീസിന്റെ ലക്ഷ്യം.

Also Read: ന്യൂസിലാന്‍ഡ് ഭീകരാക്രമണം; കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളി യുവതി

”എന്റെ കൈയ്യില്‍ തോക്കുള്ളത് അവന്‍ കണ്ടു, എന്ത് സംഭവിച്ചെന്ന് എനിക്ക് മനസിലായില്ല, അവന്‍ തോക്ക് താഴെയിട്ടു. ഞാന്‍ എന്റെ തോക്കുമായി അവനെ പിന്തുടര്‍ന്നു. അവന്റെ കാറിന് നേരെ തോക്കെടുത്ത് എറിഞ്ഞു. കാറിന്റെ വിന്‍ഡോയില്‍ ഇടിച്ചു. അവന്‍ പേടിച്ചത് പോലെ തോന്നിയിരുന്നു” അസീസ് ഓര്‍ത്തെടുത്തു. കുറേ ദൂരം അക്രമിയുടെ കാറിന് പിന്നാലെ ഓടിയ ശേഷം അസീസ് പള്ളിയിലേക്ക് തിരികെ എത്തി.

അഫ്ഗാനിസ്ഥാനില്‍ നിന്നും ഓസ്‌ട്രേലിയയിലെത്തിയ അസീസ് അവിടെ മൂന്ന് പതിറ്റാണ്ടോളം ജീവിച്ചിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ മുമ്പാണ് അസീസ് ന്യൂസിലന്‍ഡിലേക്കെത്തുന്നത്. ”അവനെ ആളുകള്‍ ഗണ്‍മാന്‍ എന്നാണ് വിളിക്കുന്നത്. പക്ഷെ ഒരു മനുഷ്യന് ആരേയും ദ്രേഹിക്കാനാകില്ല. അവനൊരു ഭീരുവാണ്” അസീസ് കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook