വെല്ലിങ്ടണ്‍: ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ആക്രമണത്തിന് ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സെഷന്‍ ന്യുസിലന്‍ഡ് ആരംഭിച്ചത് ഖുര്‍ആന്‍ പാരായണത്തോടെ. മുസ്ലീം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരസൂചകമായാണ് ഖുര്‍ആന്‍ പാരായണം നടത്തിയത്. ഇമാം നിസാമുല്‍ ഹഖ് തന്‍വിയാണ് പ്രാര്‍ഥന ചൊല്ലിയത്.

പാര്‍ലമെന്റില്‍ ‘അസലാമും അലൈക്കും’ എന്ന മുസ്ലിം അഭിവാദ്യത്തോടെയായിരുന്നു പ്രധാനമന്ത്രി ജസീന്ത പ്രസംഗം ആരംഭിച്ചത്. കൊല്ലപ്പെട്ട മുസ്ലിങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ജസീന്തയുടെ പ്രസംഗം. ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പളളികളില്‍ വെടിവയ്പ് നടത്തി 50 പേരെ കൊലപ്പെടുത്തിയ പ്രതിയുടെ പേര് ആരും പരാമര്‍ശിക്കരുതെന്ന് ജസീന്ത ആര്‍ഡേണ്‍ ആഹ്വാനം ചെയ്തു. അയാള്‍ ഭീകരനാണെന്നും താന്‍ പേര് ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജസീന്ത പറഞ്ഞു.

‘ന്യൂസിലന്‍ഡ് നിയമപ്രകാരമുളള എല്ലാ ശിക്ഷയും അയാള്‍ക്ക് ലഭിക്കും. ആക്രമണത്തിലൂടെ ഒരുപാട് കാര്യങ്ങളാണ് അയാള്‍ ആഗ്രഹിച്ചത്. അതില്‍ ഒന്ന് കുപ്രസിദ്ധിയാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ അയാളുടെ പേര് പരാമര്‍ശിക്കാന്‍ പാടില്ല. അയാളൊരു ഭീകരവാദിയാണ്. അയാളൊരു കുറ്റവാളിയാണ്. അയാളൊരു തീവ്രവാദിയാണ്. അതുകൊണ്ട് അയാളുടെ പേര് ഞാന്‍ പരാമര്‍ശിക്കില്ല,’ ജസീന്ത പറഞ്ഞു.

Read More: ‘അസലാമു അലൈക്കും’; ന്യൂസിലൻഡ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത് മുസ്‌ലിം അഭിവാദ്യത്തോടെ

‘നിങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, കൂട്ടക്കൊല നടത്തിയ അയാളുടെ പേര് പറയുന്നതിലും നല്ലത് കൊല്ലപ്പെട്ടവരുടെ പേര് ഉയര്‍ത്തിപ്പിടിക്കലാണ്. വരുന്ന വെളളിയാഴ്ച മുസ്ലിം സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കാനായി ഒത്തുകൂടുമ്പോള്‍ നമ്മുടെ ഐക്യദാര്‍ഢ്യവും വേദനയും നമുക്ക് അവരെ അറിയിക്കാം,’ ജസീന്ത പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook