വെല്ലിങ്ടൺ: ലേബർ പാർട്ടി എംപിയായ ക്രിസ് ഹിപ്കിൻസ് ന്യൂസിലൻഡ് പ്രധാനമന്ത്രിയാകും. ജസീന്ത ആർഡൻ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് നിലവില്‍ പൊലീസ്- വിദ്യാഭ്യാസ- പൊതുസേവന മന്ത്രിയായ ഹിപ്കിന്‍സ് ഈ പദത്തിലെത്തുന്നത്.
ഭരണകക്ഷിയായ ലേബർ പാർട്ടി എംപിമാർ നാമനിർദേശം ചെയ്തത് ഹിപ്കിൻസിനെയാണെന്നാണ് പാർട്ടി അറിയിച്ചത്. ഞായറാഴ്ച പാർലമെന്റ് ചേർന്ന് ഹിപ്കിൻസിനെ രാജ്യത്തിന്റെ 41-ാം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും. അതേസമയം, ഒക്ടോബറിലാണ് ന്യൂസിലൻഡിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുക. അതുവരെ ഹിപ്കിൻസ് പ്രധാനമന്ത്രിയായി തുടരും.
2008ലാണ് ക്രിസ് ആദ്യമായി ന്യൂസിലൻഡ് പാർലമെന്റിലെത്തുന്നത്. 2020ലാണ് ആദ്യമായി മന്ത്രിയായത്. അന്ന് രാജ്യത്ത് കോവിഡ് നിയന്ത്രണത്തിൽ ജസീന്തയ്ക്കൊപ്പം നിന്ന് പ്രവർത്തിച്ചത് ഹിപ്കിൻസ് ആയിരുന്നു.
അപ്രതീക്ഷിതമായാണ് ജസീന്ത ആർഡൻ രാജിപ്രഖ്യാപിച്ചത്. ”ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഒരു വര്‍ഷത്തേക്കല്ല, മറ്റൊരു ടേമിലേക്ക് കൂടി തയാറാടുക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല,” ആര്ഡന് പ്രസ്താവനയിൽ പറഞ്ഞു.