ന്യുഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണെന്ന പ്രയോഗത്തെ നേരിടാന്‍ ട്വിറ്ററിലെ പേരിന് മുന്നില്‍ കാവല്‍ക്കാരന്‍ എന്നെഴുതി ചേര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് രാഹുല്‍. എത്ര ശ്രമിച്ചാലും സത്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

കാവല്‍ക്കാരന്‍ കള്ളനാണെന്ന് എല്ലാ ഇന്ത്യാക്കാരും പറയുന്നുവെന്നും രാഹുല്‍ പറഞ്ഞു. ചൗക്കിദാര്‍ ചോര്‍ ഹേ എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്. സുഷ്മ സ്വരാജിനോടും തന്റെ ട്വിറ്റര്‍ പേരിന്റെ മുമ്പില്‍ ചൗക്കിദാര്‍ എന്നെഴുതി ചേര്‍ക്കണമെന്നും ഇപ്പോഴത്തെ പേര് രസമില്ലെന്നും രാഹുല്‍ ട്വീറ്റില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പ്രൊഫൈലില്‍ പേര് മാറ്റം നടന്നത്. ബിജെപിയുടെ ‘ഞാനും ചൗക്കിദാര്‍’ ക്യാംപെയിന്റെ ഭാഗമായാണ് ഈ പേര് മാറ്റം. മോദിക്കും അമിത് ഷായ്ക്കും പിന്നാലെ മറ്റ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഇത് ഏറ്റെടുത്തു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, സുരേഷ് പ്രഭു, പിയൂഷ് ഗോയല്‍ എന്നിവരും പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ബിജെപി നേതാക്കളും അനുയായികളും ഇപ്പോള്‍ പേര് മാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.

പ്രചാരണത്തിന്റെ ഭാഗമായി ഒരു പാട്ടും വീഡിയോയും പുറത്തിറക്കിയിട്ടുണ്ട് മോദി. രാജ്യത്തിനു വേണ്ടി ജോലിയെടുക്കുന്ന എല്ലാവരും ചൗക്കീദാര്‍മാരാണ് എന്ന സന്ദേശമാണ് ഈ വീഡിയോ നല്‍കുന്നത്. ട്വിറ്ററില്‍ മാത്രമാണ് പേര് മാറ്റം. ഫെയ്‌സ്ബുക്കില്‍ പേരുകള്‍ക്ക് മാറ്റം വരുത്തിയിട്ടില്ല.

രാജ്യത്തെ സേവിക്കാന്‍ നിങ്ങളുടെ ചൗക്കിദാര്‍ ഉറച്ച് നില്‍ക്കുന്നു. താന്‍ ഒറ്റയ്ക്കല്ല. അഴിമതിക്കെതിരെ പോരാടുന്ന എല്ലാവരും കാവല്‍ക്കാരാണ്. രാജ്യത്തിന് വേണ്ടി പ്രയത്നിക്കുന്ന എല്ലാവരും ചൗക്കിദാര്‍ ആണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

റഫാല്‍ ഇടപാടിലും നീരവ് മോദി, വിജയ് മല്യ തുടങ്ങിയ പ്രമുഖര്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വിഷയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന മോദി കാവല്‍ക്കാരനല്ല, കള്ളനാണെന്നാണ് രാഹുല്‍ വിമര്‍ശിക്കുന്നത്. ഇതിനായി രാഹുല്‍ പൊതുവേദികളില്‍ ഉപയോഗിക്കുന്ന പ്രയോഗമാണ് ‘ചൗക്കിദാര്‍ ചോര്‍ ഹേ’.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ