ന്യൂഡൽഹി: റഫാല്‍ കേസിലെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ അറിയിച്ചു. മാപ്പ് രേഖാമൂലം അറിയിക്കുന്ന പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് കോടതി സമയവും അനുവദിച്ചിട്ടുണ്ട്. രാഹുലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയാണ് കോൺഗ്രസ് അധ്യക്ഷൻ മാപ്പ് പറയാൻ തയ്യാറാണെന്ന് കോടതിയെ ബോധിപ്പിച്ചത്.

Also Read: ഇത് അസംബന്ധം, രാഹുൽ ഇന്ത്യക്കാരനാണെന്ന് ലോകം മുഴുവനും അറിയാം: പ്രിയങ്ക ഗാന്ധി

വിവാദ പരാമർശത്തിൽ പൂർണമായും ഖേദം പ്രകടിപ്പിക്കുന്നതായി രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എതിര്‍ കക്ഷികള്‍ സത്യവാങ്മൂലം വികലമാക്കിയാണ് എതിര്‍ഭാഗം അവതരിപ്പിച്ചതെന്ന് മനു അഭിഷേക് സിങ്‌വി ആരോപിച്ചു. ഖേദപ്രകടനമെന്നാൽ മാപ്പ് പറയുക തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ രേഖാമൂലം ഇതറിയിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിർദേശം.

‘ചൗക്കിദാർ ചോർ ഹെ’ എന്നത് രാഷ്ട്രീയ മുദ്രാവാക്യമാണെന്നായിരുന്നു രാഹുൽ പറഞ്ഞത്. കഴിഞ്ഞ 18 മാസമായി ഉന്നയിക്കുന്നതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. മുദ്രാവാക്യം കോടതിയുമായി ചേർത്ത് പറഞ്ഞതിൽ തെറ്റ് പറ്റിയിട്ടുണ്ട്. ഇതിൽ ഖേദം പ്രകടിപ്പിച്ചതായും അത് അംഗീകരിച്ച് കേസ് തീർപ്പാക്കണം എന്നും രാഹുൽ ഗാന്ധി നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സത്യവാങ്മൂലം പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് എവിടെയാണ് രാഹുൽ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞതെന്ന് ചോദിക്കുകയായിരുന്നു. ഖേദ പ്രകടനം മാത്രം പോര നിരുപാധികം മാപ്പ് പറയണമെന്ന് എതിര്‍ കക്ഷിയായ ബിജെപി നേതാവ്‌ മീനാക്ഷി ലേഖി ഹർജിയിൽ ആവശ്യപ്പെട്ടു.

Also Read: ബ്രിട്ടീഷ് പൗരത്വം; രാഹുൽ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്

റഫാൽ വിധിയുടെ പശ്ചാത്തലത്തിൽ കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീം കോടതിയും സമ്മതിച്ചെന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതിനെതിരെ സുപ്രീം കോടതി കടുത്ത നിലപാടെടുത്തതിനെ തുടർന്നാണ് ഖേദപ്രകടനവുമായി രാഹുൽ കോടതിയെ സമീപിച്ചത്. ഇത് അംഗീകരിക്കാൻ കോടതി തയാറായില്ല.

റഫാൽ പുനഃപരിശോധന ഹർജികൾക്കൊപ്പം കേസ് ചൊവ്വാഴ്ച പരിഗണിച്ച കോടതി മേയ് ആറിനുള്ളിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook