ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കോടതിയലക്ഷ്യ കേസിൽ നോട്ടീസ്. റഫാൽ കേസിൽ കോടതി പുറപ്പെടുവിച്ച വിധിക്കൊപ്പം കാവൽക്കാരൻ കള്ളനാണ് (ചൗക്കിദാർ ചോർ ഹെ) എന്ന വാചകം കൂട്ടിച്ചേർത്ത് പറഞ്ഞതിനെതിരെയാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപി നേതാവ് മീനാക്ഷി ലേഖി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീം കോടതി രാഹുലിന് നോട്ടീസ് അയച്ചിരിക്കുന്നത്.
ചൊവ്വാഴ്ച കോടതി കേസ് പരിഗണിച്ചപ്പോൾ രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് കോടതി കണക്കിലെടുത്തില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തത്.
റഫാല്‍ കേസില്‍ ചില രേഖകള്‍ തെളിവായി സ്വീകരിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച സന്ദര്‍ഭത്തില്‍ ചൗക്കിദാര്‍ കള്ളനാണെന്ന് കോടതിയും അംഗീകരിച്ചുവെന്നാണ് വിധി പരാമര്‍ശിച്ച് രാഹുല്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് ചൂടിനിടയിൽ അറിയാതെ പറഞ്ഞ് പോയതാണെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമർപ്പിച്ചത്.
Read: ചൗക്കിദാര്‍ പരാമര്‍ശം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി
‘ചൗക്കിദാർ ചോർ ഹെ’ എന്നത് രാഷ്ട്രീയ മുദ്രാവാക്യമാണെന്നായിരുന്നു രാഹുൽ പറഞ്ഞത്. കഴിഞ്ഞ 18 മാസമായി ഉന്നയിക്കുന്നതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. മുദ്രാവാക്യം കോടതിയുമായി ചേർത്ത് പറഞ്ഞതിൽ തെറ്റ് പറ്റിയിട്ടുണ്ട്. ഇതിൽ ഖേദം പ്രകടിപ്പിച്ചതായും അത് അംഗീകരിച്ച് കേസ് തീർപ്പാക്കണം എന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല.
റഫാൽ പുനഃപരിശോധന ഹർജികൾക്കൊപ്പം കേസ് ചൊവ്വാഴ്ച പരിഗണിക്കുമെന്നും കോടതി പറഞ്ഞു. കോടതിയലക്ഷ്യ നടപടി നേരിടാതിരിക്കാനുള്ള കാരണം അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.