ന്യൂഡൽഹി: റാഫേൽ ഇടപാടിൽ നിലപാട് സർക്കാരിന് എതിരായതിനാലാണ് സിബിഐ ഡയറക്ടർ അലോക് കുമാർ വർമ്മയെ തൽസ്ഥാനത്തു നിന്ന് നീക്കിയതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജസ്ഥാനിലെ ജലവാറിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ തന്നെ പ്രസംഗം പരാമർശിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. “കഴിഞ്ഞ രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ അറിയാമോ? താൻ പ്രധാനമന്ത്രി അല്ല കാവൽക്കാരനാണെന്ന് മോദി തന്നെ നിങ്ങളോട് പറഞ്ഞു. അതെ ആ കാവൽക്കാരൻ 526 കോടിയുടെ റഫേൽ വിമാനങ്ങൾ 1600 കോടി രൂപയ്ക്ക് വാങ്ങി. 30000 കോടി അനിൽ അംബാനിയുടെ പോക്കറ്റിൽ നിക്ഷേപിക്കുകയും ചെയ്തു. ഇന്നലെ രാത്രി കാവൽക്കാരൻ സിബിഐ ഡയറക്ടറെ നീക്കി. റാഫേൽ വിഷയത്തിൽ അദ്ദേഹം ചേദ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണിത്.”

റാഫേൽ വിഷയത്തിൽ താൻ മുൻപ് ഉന്നയിച്ച ആരോപണങ്ങൾ വീണ്ടും ആവർത്തിക്കുകയായിരുന്നു രാഹുൽ ഗാന്ധി. 1965ലെയും 1999ലെയും പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ ഇന്ത്യയെ വിജയിക്കാൻ സഹായിച്ചത് 70 വർഷം പാരമ്പര്യമുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് നിർമ്മിച്ച യുദ്ധവിമാനങ്ങളാണ്. അതേ കമ്പനിയുമായി റഫേൽ കരാർ ഒപ്പിടാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെന്നും, എന്നാൽ മോദി സർക്കാർ കരാർ മാറ്റുകയായിരുന്നെന്നും രാഹുൽ ആരോപിച്ചു. ഒരു വിമാനം പോലും ജീവിതത്തിൽ നിർമ്മിച്ചിട്ടില്ലാത്ത അനിൽ അംബാനിയുമായാണ് മോദി കരാറിലൊപ്പിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാ​ജ്യ​ത്തെ സു​പ്ര​ധാ​ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ​യുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അലോക് കുമാര്‍ വർമ്മയെ കേന്ദ്രം നീക്കിയത്. സിബിഐയിലെ രണ്ടാമനായ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയുമായുളള തര്‍ക്കത്തെ തുടര്‍ന്നാണ് നടപടി എടുത്തത്.
അസ്താനയ്ക്കെതിരെ അഴിമതി കേസ് അന്വേഷിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റി, പുതിയ അന്വേഷണ സംഘത്തെയും സിബിഐയുടെ താത്കാലിക ഡയറക്ടർ നാഗേശ്വർ റാവു നിയമിച്ചു.

വിവാദമായ റഫേല്‍ ഇടപാടിലെ വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ നല്‍കണമെന്ന് അലോക് വർമ്മ, മുൻപ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ‘ദ വയര്‍’ എന്ന ഓൺലൈൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് സിബിഐയിലെ രണ്ടാം റാങ്കുകരനായ അസ്താനയ്ക്ക് എതിരെ അഴിമതിക്കും കൈക്കൂലി വാങ്ങിയതിനും സിബിഐ കേസ് ചുമത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook