കഴിഞ്ഞ തിങ്കളാഴ്ച സായഹ്നത്തിൽ കണ്ടൊരു കാഴ്ച; സുനിൽ കുമാർ എന്ന ജൈവ വള കച്ചവടക്കരനോട് ഒരു കർഷകൻ ചെറിയ ഡപ്പി ധൻസിം ഗോൾഡ് (കടൽ പായലിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഒരു തരം വളം)ആവശ്യപ്പെടുന്നു. 125 രൂപ. കർഷകൻ ഒരു 100 രൂപ നോട്ടും പത്തിന്റെ രണ്ട് നോട്ടുകളും അഞ്ചു രൂപയുടെ ഒരു നോട്ടും സുനിൽ കുമാറിന് കൈമാറി. അദ്ദേഹം അത് തന്റെ മരമേശയുടെ വലിപ്പ് തുറന്ന് അതിലേക്കിടുന്നു.

ഈ സംഭവം സാധാരണമാണെന്ന് ആർക്കും തോന്നാം. പക്ഷേ വളം കച്ചവടക്കാരനായ സുനിൽ കുമാർ ഒരു വളം കച്ചവടക്കാരൻ മാത്രമല്ല. നഗ്‌ല ഹരേരു എന്ന സന്പൂർണ ക്യാഷ്‌ലെസ് ഗ്രാമം എന്ന പദവി നേടിയ ഉത്തർപ്രദേശ് ഗ്രാമത്തിലെ ബാങ്കറും മൊബൈൽ കടക്കാരനുമെല്ലാം ആണ്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ( പി എൻ ബി)സന്പൂർണ കറൻസി രഹിതമാകാനുളള  15 ദിന ക്യാംപിൽ പങ്കെടുത്തവരാണ് സൂററ്റിൽ നിന്ന് 30 കിലോമീറ്റർ മാത്രം ദൂരമുള്ള ഈ ഗ്രാമത്തിലെ കച്ചവടക്കാരും കർഷകരുമെല്ലാം. ഇത്തരത്തിൽ മൂന്ന് ‘ഡിജിറ്റൽ’ ഗ്രാമങ്ങളാണ് നോട്ട് നിരോധനത്തിന്റെ ആറ് മാസങ്ങൾ പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എക്സ്‌പ്രസ്  സംഘം സന്ദർശിച്ചത്.

ആറായിരമാണ് നഗ്‌ല ഹരേരുവിലെ ജനസംഖ്യ. രണ്ട് മിനി എടിഎമ്മുകളുണ്ടിവിടെ. ഗ്രാമത്തിലെ 30 മുതൽ 40 ശതമാനം വരെ ആളുകൾ മാത്രമാണ് നിലവിൽ ക്യാഷ്ലസ് എക്കോണമിയുടെ ഭാഗമായിട്ടുള്ളൂവെന്ന് സുനിൽ കുമാർ സാക്ഷ്യപ്പെടുത്തുന്നു. ‘ഞാൻ മൂന്ന് വർഷമായി പ്രധാന റോഡിൽ തന്നെ പിഎൻബിയുടെ മിനി കേന്ദ്രം നടത്തുന്നു. ഇവിടുത്തെ പ്രധാന പ്രശ്നം കണക്റ്റിവിറ്റിയാണ്. ഫോണുകളിൽ ഇന്റർനെറ്റ് ഇഴയുകയാണ്. ഇവിടെ ആരും ഓൺലൈൻ റീചാർജ് ചെയ്യാറുമില്ല. എല്ലാവരും എന്നെയാണ് സമീപിക്കുന്നത്’. സുനിൽ കുമാർ വിശദീകരിക്കുന്നു.

‘നോട്ടു നിരോധനം കൊണ്ടുവന്ന സമയത്ത് എല്ലാവരും കാഷ്‌ലെസ് ആയിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം പഴയ പടിയായി’ സമൂസ വിൽപനക്കാരനായ സത്യവീർ സിങ് പറയുന്നു. നോട്ടുകൾക്ക് കനത്ത ക്ഷാമം അനുഭവിച്ചിരുന്ന സമയത്ത് സത്യവീർ സിങ്ങും ‘പിഎൻബി കിറ്റി’ ഇ വാലറ്റ് വഴി ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിച്ചിരുന്നു. എന്നാൽ നോട്ട് ക്ഷാമം കുറഞ്ഞപ്പോൾ ആളുകൾ പഴയപടി നോട്ടു കെട്ടുകൾ കീശയിൽ തിരുകാൻ തുടങ്ങിയെന്നാണ് സത്യവീറിന്റെ അനുഭവം.

ജൻ ധൻ യോജനയാണ് നഗ്‌ല ഹരേരുവിലേക്ക് ആദ്യമായി ഡെബിറ്റ് കാർഡുകളെത്തിക്കുന്നത്. ‘ജൻ ധൻ അക്കൗണ്ടുകൾ വന്നപ്പോൾ എല്ലാവർക്കും ഡെബിറ്റ് കാർഡുകൾ അനുവദിച്ചു. പക്ഷേ ആരും അത് വാങ്ങിച്ചില്ല’ ഗ്രാമവാസിയായ ഫരീദ് റിസ്‌വി പറയുന്നു. ‘ഡെബിറ്റ് കാർഡ് കൈപ്പറ്റാൻ സുനിൽ കുമാർ മൈക്ക് കെട്ടി ഗ്രാമത്തിൽ മൊത്തം അനൗൺസ് ചെയ്തു. എല്ലാം വൃഥാവിലായതേ ഉള്ളൂ. പകുതിയോളം കാർഡുകൾ സുനിൽ കുമാർ ബാങ്കുകളെ തിരിച്ചേൽപിച്ചു. എന്നിട്ട് നോട്ട് നിരോധനം വന്നപ്പോൾ എല്ലാവരും ബാങ്കിലേക്കോടുകയായിരുന്നു, ഈ കാർഡുകൾ വാങ്ങാൻ’ ഫരീദ് വിവരിക്കുന്നു.

തന്റെ ഗ്രാമം ക്യാഷ്‌ലെസ് ആകാൻ യോഗ്യമാണെന്ന് സുനിൽ കുമാറിന് ഉറപ്പുണ്ട്. ‘ജൻ ധൻ വന്നതോടെ ഗ്രാമവാസികളിൽ ഭൂരിഭാഗം ആളുകൾക്കും ബാങ്ക് അക്കൗണ്ടും ഡെബിറ്റ് കാർഡും ആയി. ഗ്രാമത്തിൽ രണ്ട് എടിഎമ്മുകളും എല്ലാവർക്കും ആൻഡ്രോയ്ഡ് ഫോണുകളുമുണ്ട്. പക്ഷേ ഫോണിന്റെ സ്ക്രീൻ ലോഡ് ആകാൻ പോലും പത്ത് മിനിറ്റെടുത്താൽ പിന്നെ ആരാണ് ഇതൊക്കെ ഉപയോഗിക്കുക?’ നെടുവീർപ്പോടെ സുനിൽ ചോദിക്കുന്നു. ‘ഞാൻ ശ്രമിച്ചു മടുത്തു. ഞങ്ങൾ ക്യാഷ്‌ലെസ്സ് ആകാൻ തയ്യാറാണ്. അതിനായി ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചു. പക്ഷേ ഒരു ത്രീ ജി  കണക്ടിവിറ്റി പോലുമില്ലാതെ എങ്ങനെ ഞങ്ങൾ അത് പ്രാവർത്തികമാക്കും?’ സുനിൽ ചോദിച്ചു കൊണ്ടേയിരിക്കുന്നു.

ഇന്റർനെറ്റ് സ്പീഡ് വളരെ കുറവാകുന്നതോടെ ബാങ്കർ കൂടിയായ സുനിൽ കുമാറിന് കൈമാറ്റം നടത്താൻ സാധിക്കാതെ വരുന്നു. ഇത് ജനങ്ങൾക്കിടയിൽ ഓൺലൈൻ കൈമാറ്റത്തെ കുറിച്ച് അവമതിപ്പുണ്ടാക്കാൻ കാരണമാകുന്നുണ്ടെന്നും സുനിൽ പറയുന്നു. ഞങ്ങളുടെ പണം നഷ്ടമാകുമോ എന്ന് ചോദിക്കുന്ന നിരക്ഷരരായ ഗ്രാമവാസികളോട് ഞാൻ എങ്ങനെ പറഞ്ഞ് മനസിലാക്കും നമ്മുടെ ഗ്രാമത്തിൽ കണക്ടിവിറ്റി വളരെ മോശമാണെന്ന്?’ സുനിൽ കുമാറിന്റെ ചോദ്യം ക്യാഷ്‌ലെസ്സ് ഇക്കോണമി സ്വപ്നം കാണുന്ന എല്ലാവരോടുമാണ്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ